കൊച്ചി: അന്തരിച്ച സാമൂഹിക പരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പന്റെ മകൾ ഐഷ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ കണ്ണീർ പൊഴിച്ച് സാംസ്കാരിക കേരളം. ശ്രീനാരായണ സേവികാ സമാജത്തിലെ നൂറുകണക്കിന് അന്തേവാസികളുടെ പ്രിയപ്പെട്ട അമ്മയാണ് ഇന്നലെ വിടവാങ്ങിയത്. സഹോദരൻ അയ്യപ്പന്റെ മകളും തോട്ടുമുഖം ശ്രീനാരായണ ഗിരി ശ്രീനാരായണ സേവികാ സമാജം പ്രസിഡന്റുമായിരുന്നു 88കാരിയായ ഐഷ ഗോപാലകൃഷ്ണൻ.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം, വെള്ളിയാഴ്ച പുലർച്ചെ 12.15നു പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. പ്രസിദ്ധ ത്വക് രോഗ വിദഗ്ധൻ പരേതനായ ഡോ. കെ. ഗോപാലകൃഷ്ണനാണു ഭർത്താവ്. ഏക മകൻ ഡോ. ബാലകൃഷ്ണൻ. മരുമകൾ: ഉഷ. കൊച്ചിയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്നു. അസുഖ ബാധിതയായി ഏറെനാളായി രവിപുരം വി എസ്ആർ മേനോൻ റോഡിലെ ചിങ്ങനേഴത്തു വീട്ടിൽ വിശ്രമത്തിലായിരുന്നു.

സേവികാ സമാജത്തിലെ നൂറുകണക്കിന് അന്തേവാസികളുടെ പ്രിയപ്പെട്ട അമ്മയായിരുന്നു അവസാനകാലം വരെ ഐഷ. എറണാകുളം എസ്എൻവി സദനത്തിന്റെ പ്രവർത്തനത്തിലും സജീവമായിരുന്നു. ചെറുപ്പകാലത്തു സഹോദരൻ പത്രത്തിൽ ലേഖനങ്ങളും വിവർത്തനങ്ങളും എഴുതുമായിരുന്നു. ഏബ്രഹാം ലിങ്കന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ 'അറിയപ്പെടാത്ത ഏബ്രഹാംലിങ്കൺ' എന്ന പേരിൽ സഹോദരൻ പത്രത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. ഇതു പിന്നീടു പുസ്തകമായി പുറത്തിറക്കി.