ഭാര്യയും കുഞ്ഞുമൊത്ത് സുഖനിദ്രയിലായിരുന്ന ഹാരി ബ്രിട്ടനിൽ നിന്നും ഫോൺ വന്ന വിവരം അറിഞ്ഞില്ല. അല്ലെങ്കിൽ സുഖനിദ്രയ്ക്ക് ഭംഗം വരാതിരിക്കാൻ അത് കാര്യമായി എടുത്തില്ല. അവസാനം വെളുപ്പിന് മൂന്നുമണിക്ക് പൊലീസ് എത്തിയാണ് ബ്രിട്ടനിലേക്ക് തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടത്. ഹാരിയുടെ മുത്തച്ഛൻ ഫിലിപ്പ് രാജകുമാരൻ മരണമടഞ്ഞ വിവരവും അപ്പോൾ അവർ അറിയിച്ചത്രെ. ഇന്നലെ പുറത്തുവന്ന ഒരു റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

ഹാരി ഫോൺ എടുക്കാതായതോടെ എംബസി ഉദ്യോഗസ്ഥരാണ് സാന്താ ബാർബര കൗണ്ടി ഷെറീഫിന്റെ ഓഫീസിൽ ഫോൺ ചെയ്ത് ഹാരിയുടെ വീട്ടിലേക്ക് ആളെ അയയ്ക്കാൻ ആവശ്യപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏപ്രിൽ 9 ന് വെളുപ്പിന് 3 മണിക്കായിരുന്നു സംഭവം. നിരവധി തവണ ഫോൺ ചെയ്തിട്ടും ഹാരിയോ മറ്റാരെങ്കിലുമോ ഫോൺ എടുക്കാതായതോടെയാണ് ഇങ്ങനെയൊരു വഴി ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് പൊലീസ് വീട്ടിലെത്തിയാണ് മുത്തച്ഛന്റെ മരണവിവരം ഹാരിയെ അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലണ്ടനിലെ യു എസ് എംബസിയും വാഷിങ്ടൺ ഡി സിയിലെ ബ്രിട്ടീഷ് എംബസിയും ഇത്തരത്തിലൊരു ഇടപെടൽ നടത്തിയ കാര്യം നിഷേധിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഹാരിയും രാജകുടുംബാംഗങ്ങളുമായി ഇപ്പോഴും ഏറെ അടുപ്പത്തിലാണെന്ന് വിശ്വസിക്കേണ്ടിവരും. കാരണം, അമേരിക്കൻ സമയം വെളുപ്പിന് നാലുമണീക്കാണ് ഫിലിപ്പ് രാജകുമാരന്റെ മരണവിവരം ബക്കിങ്ഹാം പാലസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനും ഒരുമണിക്കൂർ മുൻപേ ഇക്കാര്യം ഹാരിയെ അറിയിക്കൻ അവർ കിണഞ്ഞു ശ്രമിച്ചു എന്നതിന്റെ തെളിവാണ് ഈ വാർത്ത.

ഹാരിക്ക് സമ്മിശ്ര വികാരങ്ങൾ നൽകിയ ഒന്നായിരുന്നു ഫിലിപ്പിന്റെ വിയോഗം. റോയൽ മറൈനെഴ്സിന്റെ ക്യാപ്റ്റൻ ജനറൽ സ്ഥാനത്തിന് മുത്തച്ഛന്റെ പിൻഗാമിയാകാനുള്ള അവസരം ലഭിച്ചതിൽ ഹാരിക്ക് ഏറെ അഭിമാനമുണ്ടായിരുന്നു. എന്നാൽ, കൊട്ടാരം വിട്ടിറങ്ങിയതോടെ ആ സ്ഥാനം രാജ്ഞി നിർത്തലാക്കിയത് ഹാരിയെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. അത്യധികം നർമ്മ ബോധവും ആർജ്ജവവുമുള്ള വ്യക്തിയായിട്ടായിരുന്നു തന്റെ ചരമക്കുറിപ്പിൽ ഹാരി മുത്തച്ഛനെ വിശേഷിപ്പിച്ചിരുന്നത്.