കൊച്ചി: വിഷുക്കൈനീട്ടം കിട്ടിയ പൈസ കൊണ്ട് ഏഴാംക്ലാസ്സുകാരി വാങ്ങിയ സൈക്കിൾ കള്ളൻ കൊണ്ടു പോയപ്പോൾ മണിക്കൂറുകൾക്കുള്ളിൽ കള്ളനെയും സൈക്കിളും കണ്ടെത്തി പൊലീസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ്് ഈ മോഷണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സ്റ്റേഷനിലേക്ക് നേവൽബേസ് കേന്ദ്രീയ വിദ്യാലയത്തിലെ കീർത്തനയുടെ വിളി എത്തിയത്: ''ന്റെ സൈക്കിൾ കള്ളൻ കൊണ്ടുപോയി, പൊലീസ് അങ്കിൾ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം.''

ഫോണെടുത്ത ഇൻസ്‌പെക്ടർ എ. നിസാർ, കീർത്തനയുടെ സൈക്കിളിന്റെ പടം വാട്സാപ്പിൽ വാങ്ങി. കൊച്ചി സിറ്റി പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ചിത്രം വന്നതും സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്ന് മറുപടിയെത്തി: ''സൈക്കിൾ ഇവിടെയുണ്ട്.''

കഴിഞ്ഞ ദിവസം തേവര ഭാഗത്ത് സൈക്കിളിൽ കറങ്ങിനടന്ന മോഷ്ടാവിനെ പൊലീസ് കയ്യോടെ പിടികൂടി. സൈക്കിൾ മോഷ്ടിച്ചതാണെന്ന് മനസ്സിലായതോടെ സ്റ്റേഷനിൽ സൂക്ഷിച്ചു. കീർത്തനയെ വിളിച്ച് സൈക്കിൾ കിട്ടിയ കാര്യം അറിയിച്ചു. വിഷുക്കൈനീട്ടം കിട്ടിയ കാശ് കൂട്ടിവെച്ച് വാങ്ങിയ സൈക്കിൾ തിരിച്ചുകിട്ടിയതോടെ സന്തോഷത്തിൽ കീർത്തന സ്‌റ്റേഷനിൽ എത്തിി. അപ്പോൾത്തന്നെ ഒരു പടം വരച്ച് പൊലീസുമാമന്മാർക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തു.

വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽനിന്ന് സൈക്കിൾ വാങ്ങാനെത്തിയ കീർത്തനയെ കാത്തിരുന്നത് പൊലീസ് മാമന്മാരുടെ മധുരപലഹാരങ്ങളായിരുന്നു. കീർത്തന താൻ വരച്ച ചിത്രവും പൊലീസുകാർക്ക് കൊടുത്തു. സൈക്കിൾ കിട്ടിയ സന്തോഷത്തിൽ കീർത്തനയും നൽകി പൊലീസിന് മിഠായികൾ. കൈയടിച്ച് കീർത്തനയെ യാത്രയാക്കാൻ എത്തിയത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. തോമസും സർക്കിൾ ഇൻസ്‌പെക്ടർ എ. നിസാറും. ബി.പി.സി.എൽ. ഉദ്യോഗസ്ഥൻ കെ.എൻ. രാജേഷ് കുമാറിന്റെയും ആർക്കൈവ്‌സ് വകുപ്പ് ഉദ്യോഗസ്ഥ ആർ. നിജയുടെയും മകളാണ് കീർത്തന.