കണ്ണൂർ: സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. എല്ലാം തുറക്കേണ്ട സമയം ആകുമ്പോൾ ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കും.

ആപ് വഴിയുള്ള മദ്യവിൽപന ആലോചനയിലില്ലെന്നും സംസ്ഥാനത്ത് വ്യാജമദ്യം എത്തുന്നത് തടയാൻ ഊർജ്ജിത ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോവിഡ് മൂന്നാം തരംഗത്തിനെതിരേ കേരളം എല്ലാ മുൻകരുതലും എടുക്കുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനമാണ് എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. മാലിന്യ സംസ്‌കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചുവരികയാണ്. 2500 കോടി രൂപ ലോകബാങ്ക് വായ്പ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിർത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പിലാക്കുക.

കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേർക്ക് അഞ്ചുവർഷം കൊണ്ട് തൊഴിൽ നൽകേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയിൽ നടത്തും. അഴീക്കൽ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.