പോർട്ടോ: ഇംഗ്ലിഷ് ക്ലബ്ബുകളുടെ ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഭാഗ്യം കൊണ്ട് വീഴ്‌ത്തി ചാമ്പ്യൻസ് ലീഗ് നേടി മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി. ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസി മുട്ടുകുത്തിച്ചത്. ജർമനിയുടെ താരമായ കായ് ഹാവെർട്‌സ് നേടിയ ഗോളിൽ കിരീടം ചൂടിയപ്പോൾ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ചെൽസിക്ക് സ്വന്തമായത്. 2012ലും ചെൽസി ചാംപ്യൻസ് ലീഗ് ജേതാക്കളായിരുന്നു. ഹാവർട്‌സിന്റെ ആദ്യ ചാംപ്യൻസ് ലീഗ് ഗോളാണിത്. പോർച്ചുഗലിലെ പോർട്ടോയിൽ നടന്ന കലാശപ്പോരിന്റെ 42ാം മിനിറ്റിലായിരുന്നു വിധി നിർണ്ണയിച്ച ആ ഗോൾ പിറന്നത്.

പ്രീമിയർ ലീഗ് ചാമ്പ്യന്റെ ആത്മവിശ്വാസത്തോടെ എത്തിയ സിറ്റിയെ ചെൽസി മലർത്തിയടിച്ചതോടെ കന്നി ചാംപ്യൻസ് ലീഗ് കിരീടത്തിനായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ കാത്തിരിപ്പ് കുറഞ്ഞത് ഒരു സീസണിലേക്കെങ്കിലും നീളുകയും ചെയ്തു. മാസൺ മൗണ്ടിന്റെ ത്രൂ പാസിൽ നിന്നായിരുന്നു കായ് ഹാവെർട്സിന്റെ ഗോൾ. പന്ത് സ്വീകരിച്ച ഹാവെർട്സ് സിറ്റി ഗോൾകീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ആദ്യ ഗോളാണിത്. ഇംഗ്ലീഷ് പ്രീമിയർ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് നേടി ഹാട്രിക്ക് തികയ്ക്കാൻ സാധിച്ചില്ല. കിരീടം നേടിയിരുന്നെങ്കിൽ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകൻ എന്ന നേട്ടം പെപ് ഗ്വാർഡിയോളക്ക് സ്വന്തമാക്കാമായിരുന്നു.

മധ്യനിരയിൽ മേസൺ മൗണ്ടിന്റെ മുന്നേറ്റമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആക്രമണത്തിന്റെ മുനയൊടിച്ചത്. ഇതിനിടെ സിറ്റി പ്രതിരോധം നെടുകെ പിളർത്തി വലതുവിങ്ങിൽനിന്ന് എതിർ ഗോൾമുഖത്തേക്ക് ഓടിക്കയറിയ ഹാവെർട്‌സ് പന്തിനായി മൗണ്ടിന് കൈകൊണ്ട് സിഗ്‌നൽ നൽകി. ഛിന്നഭിന്നമായിപ്പോയ സിറ്റി പ്രതിരോധത്തിനിടയിൽ പ്രത്യക്ഷപ്പെട്ട സാമാന്യം നീണ്ട വിടവിലൂടെ മേസൺ മൗണ്ട് നീട്ടിനൽകിയ പാസ് ഹാവെർട്‌സ് ഓടിപ്പിടിച്ചു. അപകടം മണത്ത് മുന്നിലേക്ക് ഓടിക്കയറിയ സിറ്റി ഗോൾകീപ്പർ എഡേഴ്‌സനെ വെട്ടിയൊഴിഞ്ഞ് ഹാവെർട്‌സ് ആളില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഗോൾ നേടി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റിൽ തന്നെ മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് സിറ്റിക്കായിരുന്നു. എഡേഴ്സന്റെ പാസ് ലഭിച്ച സ്റ്റെർലിങ്ങിന് പക്ഷേ ലക്ഷ്യം കാണാനായില്ല. 10-ാം മിനിറ്റിൽ തിമോ വെർണർക്ക് ബോക്സിൽവെച്ച് പന്ത് ലഭിച്ചെങ്കിലും താരത്തിന് അവസരം മുതലാക്കാനായില്ല. 15-ാം മിനിറ്റലും വെർണർക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് സൈഡ് നെറ്റിലേക്ക് പോകുകയായിരുന്നു. ഡിബ്രൂയ്‌നെയുടെ നേതൃത്വത്തിലുള്ള സിറ്റി മുന്നേറ്റത്തിന്റെ മുനയൊടിച്ചും ചെൽസിയുടെ തിരിച്ചടിക്കു നേതൃത്വം നൽകിയും കാന്റെ കളിയിലെ താരമായി.

മറുവശത്ത് അപ്രതീക്ഷിതമായി നിറം മങ്ങിയ സിറ്റി നിരയിൽ ഫെർണാണ്ടീഞ്ഞോ, ഗബ്രിയേൽ ജെസ്യൂസ്, സിറ്റി ജഴ്‌സിയിൽ അവസാന മത്സരം കളിക്കുന്ന സെർജിയോ അഗ്യൂറോ തുടങ്ങിയവരെ ഗ്വാർഡിയോള പകരക്കാരായി കളത്തിലിറക്കിയെങ്കിലും ചെൽസിയുടെ ഉറച്ച പ്രതിരോധം തകർക്കാനായില്ല. 27ാം മിനിറ്റിൽ ഫിൽ ഫോഡന് ലഭിച്ച അവസരം കൃത്യമായ ടാക്കിളിലൂടെ റൂഡിഗർ തടഞ്ഞു. സിറ്റിയുടെ ഉറച്ച ഗോളവസരമായിരുന്നു അത്. 39-ാം മിനിറ്റിൽ പരിക്കേറ്റ് തിയാഗോ സിൽവ മടങ്ങിയത് ചെൽസിക്ക് ക്ഷീണമായി. അവസാന മിനിറ്റുകളിൽ സിറ്റി ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം ഭേദിക്കാനായില്ല.

ലോക ഫുട്‌ബോളിലെ രണ്ട് മികവുറ്റ തന്ത്രജ്ഞരുടെ നേർക്കുനേർ പോരാട്ടമായിക്കൂടി വിലയിരുത്തപ്പെട്ട മത്സരത്തിൽ, സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളെ കടത്തിവെട്ടി ചെൽസി പരിശീലകൻ തോമസ് ടൂഹലും വിജയക്കൊടി നാട്ടി. കഴിഞ്ഞ സീസണിൽ പിഎസ്ജി പരിശീലകനെന്ന നിലയിൽ ബയൺ മ്യൂണിക്കിനു മുന്നിൽ കിരീടം അടിയറവു വച്ച ടൂഹൽ, ഇക്കുറി ചെൽസി പരിശീലകനെന്ന നിലയിൽ കിരീടം വീണ്ടെടുക്കുന്നതിനും മത്സരം വേദിയായി. ടൂഹലിനു പുറമെ കഴിഞ്ഞ സീസണിൽ ഫൈനലിൽ തോറ്റ പിഎസ്ജി ടീമിൽ അംഗമായിരുന്ന ബ്രസീൽ താരം തിയാഗോ സിൽവയ്ക്കും കിരീടവഴിയിലേക്കുള്ള തിരിച്ചുനടത്തമായി, ഈ മത്സരം. ടീം സിലക്ഷനിൽ ഉൾപ്പെടെ ഗ്വാർഡിയോള വരുത്തിയ പിഴവുകളും മത്സരത്തിൽ ചെൽസിക്ക് സഹായകമായി.