ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിട്ടുനിന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുന്നു. യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ വിലയിരുത്താൻ മോദി വിളിച്ച യോഗത്തിൽ നിന്നും വിട്ടു നിന്ന മമത കേന്ദ്ര സർക്കാരിന്റെ ആരോപണങ്ങൾക്കെതിരെ തിരിച്ചടിത്തു. സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തി.

'30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരിൽ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിന് വേണ്ടി ഞങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി കാത്തിരിക്കുന്നു. എടിഎമ്മുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽപ്പിച്ചു. വാക്സീനായി മാസങ്ങളോളം കാത്തിരിക്കുന്നു. ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ.' മഹുവ ട്വീറ്റ് ചെയ്തു.

ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാൻഡുചെയ്ത എയർബേസിൽ 15 മിനിറ്റ് ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്തത്. അവലോകന യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയപ്പോൾ ബംഗാൾ സർക്കാരിൽനിന്ന് ആരും ഉണ്ടായിരുന്നില്ല. യോഗത്തിനു ശേഷം പ്രധാനമന്ത്രിയെ സന്ദർശിച്ച മമത നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.