- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങൾ ഉള്ള രണ്ടു വെന്റിലേറ്ററുകൾ വീതം; രണ്ടാം ഘട്ടത്തിൽ വെന്റിലേറ്ററുകൾക്കൊപ്പം മരുന്നുകളും സർജിക്കൽ ഗ്ലൗസുകളും മെഡിക്കൽ ഉപകരണങ്ങളും: കോവിഡ് കാലത്ത് മലയാളികൾക്ക് താങ്ങായി അമേരിക്കയിലെ മലയാളി സംഘടനയായ ഫോമ
ന്യൂയോർക്ക്: കോവിഡ് കാലത്ത് സർക്കാരിന് സഹായ വാഗ്ദാനവുമായി അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക(ഫോമ) രംഗത്ത്. സംസ്ഥാനത്തെ ഓരോ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങൾ ഉള്ള രണ്ടു വെന്റിലേറ്ററുകൾ വീതം ഉടനടി എത്തിക്കാനാണ് ഫോമ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ അവ യുഎസിൽ നിന്ന് എത്തിച്ചേരും. നിലവിൽ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ആവശ്യമില്ലാത്ത സാഹചര്യത്തിലാണ് നൂതനസാങ്കേതിക വിദ്യയുള്ള, കോവിഡിനു ശേഷവും ആശുപത്രികളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ള വെന്റിലേറ്റുകൾ കേരളത്തിനായി നൽകുന്നതെന്നു ഫോമ പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു.
അപകടത്തിൽപ്പെട്ടവർക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാത്തരം രോഗികൾക്കും ഉപയോഗിക്കാവുന്ന വെന്റിലേറ്ററുകളാണ് അമേരിക്കയിൽ നിന്നും അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തുക. സഹായത്തിന്റെ രണ്ടാം ഘട്ടത്തിൽ വെന്റിലേറ്ററുകൾക്കൊപ്പം ബ്ലാക്ക് ഫംഗസിനെതിരെയുള്ള മരുന്നുകളും സർജിക്കൽ ഗ്ലൗസുകളും ഡോക്ടർമാരുടെ പ്രത്യേക ആവശ്യപ്രകാരം അണുവിമുക്തമാക്കിയിട്ടുള്ള മറ്റ് മെഡിക്കൽ ഉപകരണങ്ങളും കേരളത്തിലെത്തിക്കും. ഇതിനായുള്ള നടപടികൾ ഫോമ ആരംഭിച്ചു കഴിഞ്ഞു.
സഹായത്തിന്റെ ആദ്യഘട്ടമായി പത്ത് വെന്റിലേറ്ററുകളും 500 പൾസ് ഓക്‌സി മീറ്ററുകളും ഉൾപ്പെടെ ഒന്നരക്കോടി രൂപയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇന്നു പുലർച്ചെയുള്ള എമിറേറ്റ്‌സ് വിമാനത്തിൽ അമേരിക്കയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിലുള്ള കേരളത്തിനു കൈത്താങ്ങാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ' പദ്ധതിയുടെ ഭാഗമായാണ് ഇവ നാട്ടിലെത്തിച്ചത്.
കേരളം പ്രളയക്കെടുതി നേരിട്ടപ്പോൾ വിവിധ പ്രദേശങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടവർക്കു ഫോമ വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. സർക്കാരിനൊപ്പം ഒത്തുചേർന്നു വീടുകൾ നിർമ്മിക്കുക എന്നതായിരുന്നു ഫോമയുടെ രീതിയെന്നു അനിയൻ ജോർജ് പറഞ്ഞു. ഇപ്പോൾ കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംഘടനകളും വ്യക്തികളും സഹായ മനസ്ഥിതിയുമായി മുന്നോട്ടു വരുന്നുണ്ട്. ജൂൺ 30 വരെ സഹായങ്ങൾ സ്വീകരിക്കാനാണ് ഫോമയുടെ ഇപ്പോഴത്തെ തീരുമാനം. ഫോമയുടെ സന്നദ്ധ പ്രവർത്തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സാമ്പത്തിക സഹായങ്ങൾ നൽകിയും സഹകരിച്ച എല്ലാ അംഗ സംഘടനകൾക്കും വ്യക്തികൾക്കും ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റി നന്ദി അറിയിച്ചു.