കൊളംബോ: അപകടകരമായ രാസവസ്തുക്കളുമായി പോയ കപ്പലിന് തീപിടിച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പരിസ്ഥിതി സംഘടനയുടെ മുന്നറിയിപ്പ്. കപ്പലിൽ ഉണ്ടായിരുന്ന നൈട്രിക് ആസിഡ് ഉൾക്കൊള്ളുന്ന അപകടകരമായ രാസവസ്തുക്കൾക്കാണ് കൊളംബോ ബീച്ചിനു സമീപത്ത് വെച്ച് തീപിടിച്ചത്്. സിംഗപ്പൂർ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

ഗുജറാത്തിൽനിന്ന് കൊളംബോയിലേക്ക് രാസവസ്തുക്കളും മറ്റുമായി പോയ എംവി 'എക്സ്‌പ്രസ് പേൾ' എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. ടാങ്കിലുള്ള 325 മെട്രിക് ടൺ ഇന്ധനത്തിനു പുറമേ 25 ടൺ അപകടകാരിയായ നൈട്രിക് ആസിഡ് ഉൾക്കൊള്ളുന്ന 1486 കണ്ടയ്നറുകളും കപ്പലിലുണ്ട്. ഇതിൽനിന്നു നിർഗമിക്കുന്ന നൈട്രജൻ ഡയോക്സൈഡ് മൂലം ആസിഡ് മഴ ഉണ്ടാകുമെന്നാണ് മറൈൻ എൻവയേൺമെന്റ് പ്രൊട്ടക്ഷൻ അഥോറിറ്റി അറിയിച്ചിരിക്കുന്നത്.

മഴ സീസണിൽ നൈട്രജൻ ഡയോക്സൈഡ് പുറത്തുവരുന്നത് ആസിഡ് മഴയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. തീരത്തിനടുത്തു താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും മഴയത്ത് പുറത്തിറങ്ങരുതെന്നും അധികൃതർ പറഞ്ഞു. കപ്പലിലെ തീ അണയയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യൻ തീരരക്ഷാ സേനയും ശ്രീലങ്കൻ നാവികസേനയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.