ദുരിതങ്ങൾക്ക് അറുതിവരുത്താൻ അനുവദിക്കാതെ പുതിയ വിയറ്റ്നാം വകഭേദം. ഒരുഭാഗത്തുനിന്നും മനുഷ്യൻ കൊറോണയെ കീഴടക്കിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്തുനിന്നും പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിക്കുകയാണ് ഈ കുഞ്ഞൻ വൈറസ്. മനുഷ്യനെയും അവന്റെ പ്രതിരോധ സംവിധാനങ്ങളേയും കളിപ്പിക്കാൻ വേഷപ്രച്ഛന്നനായി എത്തുന്ന വൈറസിന്റെ പുതയോരു വകഭേദം വിയറ്റ്നാമിൽ കണ്ടെത്തി. ഇന്ത്യൻ ഇനത്തിന്റെയും ബ്രിട്ടീഷ് ഇനത്തിന്റെയും ഒരു സങ്കരയിനമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതിവ്യാപന ശേഷിയുള്ള രണ്ട് വകഭേദങ്ങൾ സംഗമിച്ചുണ്ടായ ഈ പുതിയ ഇനം മറ്റ് ഇനങ്ങളേക്കാൾ വേഗത്തിൽ വായുവിലൂടെപടരുമെന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയ വിയറ്റ്നാം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. തൊണ്ടയിലെ സ്രവത്തിലുള്ള വൈറസിന്റെ സാന്ദ്രത അതിവേഗം വർദ്ധിക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ഇത് അതിവേഗം പടരുകയും ചെയ്യുമെന്നും ഇവർ പറയുന്നു. രോഗബാധിതനായ ഒരാളുമായി നേരിട്ടുള്ള സമ്പർക്കത്തിൽ വരാതെ തന്നെ വായുവിലൂടെ പടർന്നും രോഗബാധയുണ്ടാകാം എന്നും അവർ പറയുന്നു.

എല്ലാം തീർന്ന് ശാന്തമായി എന്ന് കരുതിയിരിക്കുന്ന സമയത്ത് ബ്രിട്ടന്റെ ഉറക്കം കെടുത്തുകയാണ് കൊറോണയുടെ ഇന്ത്യൻ വകഭേദം. രാജ്യത്താകെ കത്തിപ്പടരുകയാണ് ഈ ഇനം വൈറസ് ഇപ്പോൾ. ഇന്നലെ 3,398 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 26.1 ശതമാനം വർദ്ധനവാണ് രോഗവ്യാപനതോതിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 11 ദിവസമായി രോഗവ്യാപനതോതിൽ ക്രമമായ വർദ്ധനവ് ദൃശ്യമാകുന്നത് അധികൃതരുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, മൊത്തത്തിലുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടില്ല എന്ന ഒരു ആശ്വാസവുമുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ച്ച കോവിഡ് മൂലം അറുപേർ മരിച്ചപ്പോൾ ഇന്നലെ 7 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. നേരിയതോതിലാണെങ്കിൽ പോലുമ്മരണനിരക്കും വർദ്ധിക്കുന്നു എന്നതിന്റെ സൂചനയാണിത്. അതേസമയം ബ്രിട്ടനിലെ വാക്സിൻ പദ്ധതിയും പുരോഗമിക്കുകയാണ്. ഇന്നലെ 4,14,364 പേർക്കാണ് വാക്സിന്റെ രണ്ടാം ഡോസ് നൽകിയത്. ഇതോടെ രാജ്യത്തെ 23.2 മില്ല്യൺ ജനങ്ങൾക്ക് ഇതുവരെ വാകിസിന്റെ രണ്ടു ഡോലും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. രാജ്യത്തെ പ്രായപൂർത്തിയായവരിൽ മുക്കാൽ പങ്കും പേർക്ക് ഇതോടെ വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. പകുതിയിലേറെ പേർക്ക് രണ്ടു ഡോസുകളും ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ വകഭേദം ബാധിച്ചവരിൽ മൂന്നു ശതമാനം പേർക്ക് മാത്രമാണ് വാക്സിന്റെ രണ്ടു ഡോസുംലഭിച്ചിട്ടുള്ളത് എന്ന് തെളിഞ്ഞു. നിലവിലുള്ള വാക്സിനുകൾക്ക് ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കാനാകും എന്നതിന്റെ തെളിവായിട്ടാണ് ശാസ്ത്രലോകം ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. ഈ ഇനം ബാധിച്ച് മരണമടഞ്ഞവരിൽ എട്ടുപേർ വാക്സിൻ എടുത്തിരുന്നില്ല. രണ്ട് പേർ ആദ്യ ഡോസ് മാത്രം എടുത്തവരും രണ്ടുപേർ രണ്ടു ഡോസുകളും എടുത്തവരും ആയിരുന്നു.

ശുഭാപ്തി വിശ്വാസം ജനിപ്പിക്കുന്ന മറ്റൊരു കാര്യം നിലവിൽ രോഗബാധിതരാകുന്നവരുടെ ശരാശരി പ്രായം 29 വയസ്സാണ് എന്നതാണ്. ഈ വർഷം ആദ്യം ഇത് 41 വയസ്സായിരുന്നു. ഈ വിഭാഗത്തിൽ പെട്ടവർക്ക് വാക്സിൻ നൽകിത്തുടങ്ങിയതോടെ ഈ പ്രായക്കാരിലുള്ള രോഗവ്യാപനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതും വാക്സിനുകളുടെ ഫലസിദ്ദിഖ് ഉദാഹരണങ്ങളാണ്. നിലവിൽ ഇംഗ്ലണ്ടിലെ 300 ൽ അധികം ലോക്കൽ അഥോറിറ്റി ഏരിയകളിൽ 250 എണ്ണത്തിലും ഇന്ത്യൻ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട് എന്നതും ആശങ്കയുണർത്തുന്നു.

ഇതോടെ, നേരത്തേ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ നീക്കം ചെയ്യൽ ജൂൺ 21 ന് ഉണ്ടാകുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. അതേസമയം, നിയന്ത്രണങ്ങൾ നീക്കം ചെയ്താലും മാസ്‌ക് ധരിക്കലും, സാമൂഹ്യ അകലം പാലിക്കലും അതുപോലെ ഇൻഡോർ ഇടങ്ങളിലെ റൂൾ ഓഫ് സിക്സ് നിയമവും നിലനിന്നേക്കും എന്ന അഭ്യുഹവും പടരുന്നുണ്ട്. എന്നാൽ, ഒന്നും വ്യക്തമായി പറയുവാൻ ഇനിയും ഏതാനും ദിവസങ്ങൾകൂടി കാത്തിരിക്കണം എന്നാണ് ബോറിസ് ജോൺസൺ പറയുന്നത്.