പൊൻകുന്നം: അന്തരിച്ച നാഗർകോവിൽ പാർവതിപുരം ശ്രീധരസ്വാമി സന്നിധാനം മഠാധിപതി ശ്രീധരസ്വാമിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി അനുയായികൾ. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

പാർവതിപുരം ശ്രീവനമാലീശ്വര ക്ഷേത്രം ഉൾപ്പെടെ 17 ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ആധ്യാത്മികകേന്ദ്രത്തിന്റെ ആചാര്യനായിരുന്നു. ആധ്യാത്മികജീവിതവും ഗൃഹസ്ഥാശ്രമവും ഒരുമിച്ച് തുടർന്ന ഇദ്ദേഹത്തിന് നാഗർകോവിലിൽ നിരവധി ശിഷ്യരുണ്ട്.

ചിറക്കടവ് പൂവത്തുങ്കൽ കുടുംബാംഗമാണ്. 1941 മെയ്‌ 27-ന് ചിറക്കടവ് പൂവത്തുങ്കൽ പി.ജി.ശിവശങ്കരൻ നായരുടെയും ചെറ്റേടത്ത് പാർവതിയമ്മയുടെയും മകനായി ജനിച്ചു. 1956-ൽ ശ്രീഗുരു മഹാരാജ് മഹാശയന്റെ ശിഷ്യത്വം സ്വീകരിച്ചു. സംസ്‌കൃതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടി. എൺപതിലധികം ആധ്യാത്മികഗ്രന്ഥങ്ങൾ രചിച്ചു. ആത്മാർഥം എന്ന ആത്മകഥയും രചിച്ചു.

ഭാര്യ: ജി.രാധ (റിട്ട.അദ്ധ്യാപിക). മകൾ: ഗായത്രി ശ്രീധരൻ (അദ്ധ്യാപിക, ഗവ.സ്‌കൂൾ, പൂവരണി). മരുമകൻ: ശ്രീജിത്ത് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ചങ്ങനാശ്ശേരി). ഭൗതികദേഹം ഞായറാഴ്ച ചിറക്കടവിലെ കുടുംബവീട്ടുവളപ്പിൽ സംസ്‌കരിച്ചു.