കണ്ണൂർ: രക്തബന്ധത്തേക്കാൾ ആഴം മറ്റു ചില ബന്ധങ്ങൾക്ക് ഉണ്ടാവും. അത്തരത്തിൽ ഒരു ബന്ധമാണ് വീട്ടുജോലിക്കാരനായ ദേവസ്യയും കളപ്പുരയ്ക്കൽ കുടുംബാംഗങ്ങളും തമ്മിലുള്ളത്. അതുകൊണ്ട് തന്നെ ദേവസ്യ കോവിഡ് ബാധിച്ചു മരിച്ചപ്പോൾ കുടുംബക്കല്ലറിയിൽ സംസ്‌ക്കരിച്ചിരിക്കുകയാണ് രാജഗിരി ഇടവകയിലെ കളപ്പുരയ്ക്കൽ കുടുംബം.

ജീവിതയാത്രയിൽ ഒപ്പം നിന്ന ജോലിക്കാരനെ മാതാപിതാക്കളുറങ്ങുന്ന കുടുംബക്കല്ലറയിൽ സംസ്‌കരിക്കാൻ കളപ്പുരയ്ക്കൽ മൈക്കിൾ - ത്രേസ്യാമ്മ ദമ്പതികളുടെ പത്ത് മക്കളും ചേർന്ന് തീരുമാനിക്കുക ആയിരുന്നു. ഏറെക്കാലമായി കളപ്പുരയ്ക്കൽ കുടുംബത്തിലെ ജോലിക്കാരനായിരുന്നു അവിവാഹിതനായ ദേവസ്യ. കളപ്പുരയ്ക്കൽ മൈക്കിൾ - ത്രേസ്യാമ്മ ദമ്പതികളുടെ കുടുംബത്തിൽ വളരെ ചെറുപ്പത്തിലെ ജോലിക്ക് എത്തിയ ദേവസ്യ വീട്ടിലുള്ളവർക്ക് പ്രിയപ്പെട്ട ദേവസ്യാപ്പിയാണ്.

ദമ്പതിമാരുടെ മരണശേഷം കരുവഞ്ചാലിലെ അഗതിമന്ദിരത്തിൽ പ്രത്യേക മുറി ഒരുക്കിയാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച ദേവസ്യയുടെ മൃതദേഹം തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സംസ്‌കരിക്കാൻ തീരുമാനിച്ചത് രക്തബന്ധത്തേക്കാൾ ആഴത്തിൽ അടുപ്പമുള്ള മൈക്കിൾത്രേസ്യാമ്മ ദമ്പതികളുടെ 10 മക്കളാണ്.

തങ്ങളുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയെ മാതാപിതാക്കൾക്കൊപ്പം സംസ്‌കരിക്കുക വഴി ദേവസ്യയെ സംരക്ഷിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു ഈ കുടുംബം.