തിരൂർ: കതിർമണ്ഡപത്തിൽ നിന്നും മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അമ്പതിനായിരം രൂപ കൈമാറി വധൂവരന്മാര്. വിവാഹച്ചെലവുകൾ ചുരുക്കി ശ്രീവാസും ഗായത്രിയുമാണ് തങ്ങളുടെ ജീവിത്തതിലെ പ്രധാനപ്പെട്ട ദിവസത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്. റിട്ട. പ്രഥമാധ്യാപകൻ വെട്ടം വേമണ്ണയിലെ പാലക്കാട്ടിരി മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും പരിയാപുരം എ.എം.എൽ.പി. സ്‌കൂൾ അദ്ധ്യാപിക രജനിയുടെയും മകൻ ശ്രീവാസ് തിരൂർ മുഖ്യ തപാൽ ഓഫീസിലെ ജീവനക്കാരനാണ്.

ഷൊർണൂർ നഗരസഭാ കൗൺസിലർ പട്ടാമ്പി കൊടുമുണ്ട കാഞ്ഞൂർമനയിൽ ലക്ഷ്മണൻ- സുമതി ദമ്പതിമാരുടെ മകൾ ഗായത്രിയുമായാണ് ഞായറാഴ്ച വിവാഹം നടന്നത്. വെട്ടത്തെ വിവാഹവേദിയിൽവച്ചാണ് വധൂവരന്മാർ പണം കൈമാറിയത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വരന്റെ വീട്ടിൽനടന്ന ചടങ്ങിൽ വെട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്‌നെല്ലാഞ്ചേരി ചെക്കുകൾ ഏറ്റുവാങ്ങി. ഗ്രാമപ്പഞ്ചായത്തംഗം രാധാ സതീശനും പങ്കെടുത്തു.