- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനെടുത്ത് വരും വരെ ആടുകളെ ഞാൻ നോക്കിക്കൊള്ളാം; വീട്ടമ്മ വാക്‌സിനെടുക്കാൻ പോയപ്പോൾ ആട്ടിടയനായത് ഡോക്ടർ
വീട്ടമ്മയ്കക് വാക്‌സിനെടുക്കാൻ അൽപ്പനേരത്തേക്ക് ആട്ടിടയനായി ഡോക്ടർ. കഴിഞ്ഞ ദിവസം എസ്ടി കോളനിയിൽ കോവിഡ് വാക്‌സിനേഷൻ ചെയ്യാനെത്തിയ ഡോ. റിയാസാണ് വീട്ടമ്മയ്ക്ക് വേണ്ടി അരമണിക്കൂറത്തേയ്ക്ക് ആട്ടിടയനായത്. പെരുമാട്ടി എല്ലക്കാട് കോളനിയിൽ വാക്‌സീൻ നൽകാനെത്തിയതായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറായ ഡോ. റിയാസും സംഘവും.
കോളനിയിലെ മഞ്ജുളാത്താളിനെ തേടി ആടുമെയ്‌ക്കുന്ന സ്ഥലത്തെത്തിയ ഡോക്ടർ വാക്‌സിനെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആടുമെയ്‌ക്കുകയാണെന്നും വരാനാവില്ലെന്നും പറഞ്ഞ് മഞ്ജുള ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ ഡോക്ടർ പിന്മാറിയില്ല. നിങ്ങൾ പോയി വരുന്നതുവരെ ആടുകളെ ഞാൻ നോക്കാമെന്നു പറഞ്ഞ് ഡോക്ടർ മുന്നോട്ടുവരികയായിരുന്നു. ഇതോടെ വീട്ടമ്മ വാക്‌സിനേഷനെടുക്കാൻ തയ്യാറായി.
മഞ്ജുളാത്താൾ വീട്ടിൽ നിന്ന് ആധാർ കാർഡുമായി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി കുത്തിവയ്‌പെടുത്തു തിരിച്ചെത്തുന്ന അരമണിക്കൂറോളം 13 ആടുകളെ നിയന്ത്രിക്കാൻ ഡോക്ടർ അൽപം ബുദ്ധിമുട്ടി. എങ്കിലും മഞ്ജുളാത്താൽ തിരികെ എത്തും വരെ ആശാവർക്കർമാരുടെ സഹായത്തോടെ ആടുകളെ സുരക്ഷിതമായി മഞ്ജുളാത്താളിന്റെ പക്കൽ തിരികെ ഏൽപിച്ചപ്പോഴാണ് ഡോ. റിയാസിനു സമാധാനമായത്.
പഞ്ചായത്തിലെ 29 ഊരുകളിൽ വാക്‌സിനേഷനായി ആരോഗ്യ പ്രവർത്തകർ ഇതുവരെ 3 തവണ കയറിയിറങ്ങി. 45 വയസ്സിനു മുകളിൽ 742 പേരാണ് ഇവിടെയുള്ളത്. ഇതുവരെ ആകെ വാക്‌സീൻ നൽകാനായത് 542 പേർക്കാണ്. അവബോധമില്ലാത്തതും കുപ്രചാരണങ്ങളും കാരണം പലരും വാക്‌സീൻ എടുക്കാൻ തയാറാകുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പലതവണ ബോധവൽക്കരണം നടത്തിയും ഊരു നിവാസികൾക്കു പരിചയമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമൊക്കെയാണ് ഇവിടെ വാക്‌സിനേഷൻ പുരോഗമിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ