ലക്‌നൗ: ഉത്തർപ്രദേശിലെ കോവിഡ് കേസുകളിൽ ഒരുമാസത്തിനിടെ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാരിന്റെ വാർത്താക്കുറിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ 1908 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരത്തിൽ താഴുന്നത്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനം ഇടിവുണ്ടായതായും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.

ഏപ്രിൽ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. നിലവിൽ ഇത് 41,214 ആണ്. യുപിയിൽ നിലവിൽ, 0.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. തുടർച്ചയായ അഞ്ച് ദിവസം പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. മറ്റ് സംസ്ഥാനങ്ങൾ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, ഉത്തർപ്രദേശ് സർക്കാരിന്റെ 'യോഗി മോഡൽ' (ടെസ്റ്റ്-ട്രെയ്‌സ്-ട്രീറ്റ് (ടി3)) ആണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനു സഹായിച്ചതെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം.

തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കിനോട് താരതമ്യം ചെയ്താണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 19, 16.4, 16.51 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റിയെന്ന് യുപി സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രത, ധീരമായ തീരുമാനങ്ങൾ, വേഗത്തിലുള്ള നടപടികൾ എന്നിവ കാരണം സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.4 ശതമാനം വരെ ഉയർന്നതായും സർക്കാർ അവകാശപ്പെട്ടു.