- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശനിയഴ്ച്ച കല്യാണം; ഞായറാഴ്‌ച്ച അവധി; തിങ്കളാഴ്ച്ച ഓഫീസിൽ; ബോറിസ് ജോൺസൺ ജോലി തുടരുന്നു; ഹണിമൂൺ ലോക്ക്ഡൗൺ കഴിഞ്ഞ്; സർനെയിം മാറ്റിയ കാരിയുടെ വിവാഹ വസ്ത്രം വാടകയ്ക്ക് എടുത്തത്
രാജ്യം കോവിഡിന്റെ പിടിയിൽ ദുരിതമനുഭവിക്കുമ്പോൾ രാഷ്ട്ര നായകന് സന്തോഷിക്കുവാൻ എങ്ങനെയാകും? വിവാഹം കഴിഞ്ഞുവെങ്കിലും മധുവിധു ആഘോഷിക്കുവാൻ നിൽക്കാതെ കർമ്മനിരതനാകുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ശനിയാഴ്‌ച്ച ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ ഒരു ചെറിയ കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ വെസ്റ്റ്മെനിസ്റ്റർ കത്തീഡ്രലിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. പിന്നീട് നമ്പർ 10 ഡൗണിങ്സ്ട്രീറ്റിലെ ഗാർഡനിൽ വച്ച് അതിഥികൾക്കായി ഒരു വിരുന്നും നടന്നിരുന്നു.
വാടകയ്ക്ക് എടുത്ത വിവാഹ വസ്ത്രവുമായാണ് കാരി സിമ്മണ്ട്സ് എത്തിയത്. ബോറിസ് ജോൺസനാകട്ടെ തന്റെ സഹോദരനും റേഡിയോ 4 ലെ ഫ്യുച്ചർ പ്രൂഫിങ് എന്ന സീരീസിന്റെ അവതാരകനുമായ ലിയോയുടെ ഒപ്പമായിരുന്നു എത്തിയത്. ബോറിസ് ജോൺസന്റെ മറ്റു സഹോദരങ്ങളായ ജോ, ജൂലിയ, റേച്ചൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഡൗണിങ്സ്ട്രീറ്റ് ഗാർഡനിൽ നടന്ന വിരുന്നുസല്ക്കാരത്തിൽ വരന്റെയും വധുവിന്റെയും അമ്മമാർ പങ്കെടുത്തിരുന്നു. എന്നാൽ കാരിയുടെ പിതാവ് മാത്യു സിമ്മണ്ട്സ് പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവോ എന്ന കാര്യവും വ്യക്തമല്ല.
ബോറിസ് ജോൺസന്റെ ആദ്യ വിവാഹത്തിലെ നാലു മക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. അതുപോലെ മറ്റ് മന്ത്രിസഭാംഗങ്ങളോ ടോറി നേതാക്കളോ സന്നിഹിതരായിരുന്നില്ല. അതീവ രഹസ്യമായി നടത്തിയ ചടങ്ങിലേക്ക് അവരെയൊന്നും ക്ഷണിച്ചിരുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. ബോറിസ് ജോൺസന്റെ ബക്കിങ്ഹാംഷയറിലുള്ള വീട്ടിൽ ഞായറാഴ്‌ച്ച താമസിക്കുന്ന ഇവർ പിന്നീട് ഡൗണീംഗ്സ്ട്രീറ്റിലേക്ക് മടങ്ങും. 2022-ലെ വേനലിൽ മധുവിധു ആഘോഷിക്കുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. അപ്പോൾ വിപുലമായ രീതിയിലുള്ള വിവാഹ സത്ക്കാരവും നടത്തും.
അതേസമയം ഈ വിവാഹത്തിനൊരു യുദ്ധപരിവേഷം കൂടി നൽകുകയാണ് ചിലർ. ബോറിസ് ജോൺസന്റെ മുൻ ഉപദേഷ്ടാവ് കമ്മിങ്സിനും അതുപോലെ അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾക്കും എതിരെയുള്ള കാരിയുടെ വിജയമാണ് ഈ വിവാഹം എന്നാണ് കാരിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇരുവരും തമ്മിലുള്ള ശീതയുദ്ധം നവംബറിൽ കമ്മിങ്സ് പുറത്തുപോകുന്നതിൽ കലാശിച്ചിരുന്നു. പിന്നീടും ഇരു വിഭാഗവും തമ്മിൽ വാക്പോര് നടന്നുവരികയായിരുന്നു.
ദമ്പതികൾ എന്ന നിലയിൽ ബോറിസ് ജോൺസന്റെയും കാരിയുടെയും ആദ്യ ഔദ്യോഗിക പരിപാടി ഉണ്ടാവുക രണ്ടാഴ്‌ച്ച കഴിഞ്ഞായിരിക്കും. കോൺവെല്ലിലെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ലോകനേതാക്കളെയും അവരുടെ പത്നിമാരേയും ബോറിസും കാരിയും ചേർന്നായിരിക്കും വരവേൽക്കുക. ജോ ബൈഡനും പത്നി ജിൽ ബൈഡനും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.