വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 - 22 അക്കാദമിക് വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ജൂൺ 1)നടക്കും. തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് എൽ പി എസ് ആൻഡ് ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസ് സ്‌കൂളിൽ വച്ചാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

ചടങ്ങുകൾ രാവിലെ 8 30ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ - തൊഴിൽമന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. മുഖ്യാതിഥികളായി മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ.ജി ആർ അനിൽ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ എസ് ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം എം പി ഡോ. ശശി തരൂർ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക സാംസ്‌കാരിക മേഖലയിലെ ക്ഷണിക്കപ്പെട്ടവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരിക്കും . ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും പരിമിതമായ ആൾക്കാരെ നേരിട്ട് പങ്കെടുപ്പിച്ചു കൊണ്ടും ആണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

ഉദ്ഘാടനസമ്മേളനം കൈറ്റ് -വിക്ടേഴ്‌സ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും. തത്സമയം സംപ്രേഷണത്തിന് ശേഷം രാവിലെ 9 30 മുതൽ കൈറ്റ് -വിക്ടേഴ്‌സ് ചാനലിൽ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ ഉണ്ടാകും.

മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കോട്ടൺഹിൽ സ്‌കൂളിലെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ എത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ,എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോഡിനേറ്റർ മുരുകൻ കാട്ടാക്കട തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അങ്കണവാടി പ്രവേശനോത്സവം 

തിരുവനന്തപുരം: അങ്കണവാടി പ്രവേശനോത്സവവും മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്ന വിനോദ വിജ്ഞാന പരിപാടിയായ 'കിളിക്കൊഞ്ചൽ സീസൺ 2' ന്റെ സംപ്രേഷണവും ആരംഭിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് അങ്കണവാടികളിൽ നേരിട്ടെത്തി പ്രീ സ്‌കൂൾ പ്രവേശനം നേടുന്നതിന് സാധിക്കാത്ത സാഹചര്യത്തിലാണ് 2021-22 അക്കാദമിക്ക് വർഷത്തെ പ്രീ സ്‌കൂൾ പ്രവേശനോത്സവം ഓൺലൈൻ മുഖേന ആരംഭിക്കുന്നത്. ജൂൺ ഒന്നാം തീയതി മുതൽ എല്ലാ ദിവസവും രാവിലെ 10.30 മുതൽ 11 മണിവരെയാണ് സംപ്രേഷണം.

എല്ലാ കുട്ടികളേയും ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് കിളിക്കൊഞ്ചലിലേക്ക് സ്വാഗതം ചെയ്തു. ഈ അധ്യയന വർഷം മുതൽ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് കിളിക്കൊഞ്ചൽ സീസൺ 2 അവതരിപ്പിക്കുന്നത്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ആനിമേഷൻ, പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി പുതിയ സംവിധാനത്തിൽ വരുന്ന കിളിക്കൊഞ്ചൽ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടുമെന്ന് തന്നെയാണ് വിശ്വാസം. പ്രതിസന്ധികളിലും തളരാതെ കാലത്തിനാവശ്യമായ മാറ്റങ്ങളോടെ പുതുമയും ആവേശവും ഉൾക്കൊള്ളിച്ചുകൊണ്ട് വനിതാശിശു വികസന വകുപ്പ് ഒരുക്കുന്ന ഈ പരിപാടിയെ രക്ഷിതാക്കളും വിദ്യാർത്ഥികളും പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

കുട്ടികൾക്കിടയിൽ വളരെയധികം സ്വീകാര്യമുണ്ടായിരുന്ന 175 ഓളം എപ്പിസോഡുകൾ പിന്നിട്ട പരിപാടിയുടെ രണ്ടാം ഭാഗമാണിത്. അങ്കണവാടി വർക്കർമാരും ഐസിഡിഎസ് സൂപ്പർവൈസർമാരുമാണ് ഈ പരിപാടി സജ്ജമാക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികൾ കോവിഡ് മൂലം പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് വിക്ടേഴ്സ് ചാനൽ വഴി പ്രീ സ്‌കൂൾ കുട്ടികൾക്കായുള്ള ഓൺലൈൻ പരിപാടി സംപ്രേഷണം ചെയ്തു വരുന്നത്.

കുഞ്ഞുങ്ങളുടെ സമഗ്രവികസനം ഉറപ്പാക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിലെ ലോക്ക് ഡൗൺ മൂലം കുഞ്ഞുങ്ങൾ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോൾ അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഇതുവഴി സാധിക്കും.