മറയൂർ: കോവിൽ കടവിൽ പൊലീസിന് നേരെ ആക്രമണമുണ്ടായത് മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് സൂചന. കസ്റ്റഡിയിൽ എടുത്ത കോവിൽക്കാവ് സ്വദേശി സുലൈമാൻ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയെന്നും വെളിടുത്തൽ .മറയൂർ സി ഐ ജി എസ് രതീഷ്, സി പി ഒ അജീഷ് പോൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10 മണിയോടെ പൊലീസ് സംഘം കോവിൽ കടവിൽ എത്തിയിരുന്നു. ഈ സമയം സുലൈമാനും ഇവിടെയുണ്ടായിരുന്നു. ഇയാൾ മാസ്‌ക് ധരിച്ചിരുന്നില്ല. വാഹനത്തിൽ നിന്നിറങ്ങിയ അജീഷ് സുലൈമാനോട് മാസ്‌ക് വയ്ക്കാത്തതിന്റെ കാരണം തിരക്കി . ഇതോടെ ഇയാൾ അസഭ്യം പറയുകയും നിലത്തു കിടന്ന കല്ലെടുത്ത് പൊലീസുകാരനുനേരെ എറിയുകയുമായിരുന്നു.

തലയ്ക്ക് ഏറുകൊണ്ട അജീഷ് തൽക്ഷണം ബോധം കെട്ടുവീണു. പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള പൊലീസുകാരുടെ നീക്കത്തിനിടെയാണ് സി ഐ ക്ക് പരിക്കേറ്റത്. പിടിവലിക്കിടയിൽ സുലൈമാൻ കല്ലു കൊണ്ട് സി ഐ യെ ഇടിച്ചതായിട്ടാണ് പൊലീസ് നൽകുന്ന വിവരം. സുലൈമാൻ 2020-ൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച സംഭവത്തിലും പ്രതിയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് മറയൂർ പൊലീസ് അറിയിച്ചു.