ന്യൂഡൽഹി: നിരവധി മരണവും രോഗവ്യാപനവുമായി കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ പിടിമുറുക്കിയിരിക്കുകയാണ്. രണ്ടാം തരംഗത്തിന് അൽപ്പമൊരു അയവ് വന്ന് തുടങ്ങിയപ്പോൾ ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. മൂനനാം തരംഗം ഭീതിപ്പെടുത്തുമ്പോൾ ജില്ലാതലത്തിൽ നിയന്ത്രണ നടപടികൾ ലഘൂകരിക്കാൻ 3 ഘടകങ്ങളെ പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദ്ദേശിച്ചു.

കോവിഡ് സ്ഥിരീകരണ നിരക്ക് ഒരാഴ്ചയിൽ കൂടുതൽ 5 ശതമാനത്തിൽ താഴെയായിരിക്കണം, കോവിഡ് പിടിപെടാൻ സാധ്യതയേറിയ വിഭാഗക്കാരിൽ 70% പേർക്കും വാക്‌സീൻ നൽകണം, അകലം, മാസ്‌ക്, ശുചിത്വം എന്നിവയിൽ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം എന്നീ നിർദ്ദേശങ്ങളാണ് ഐസിഎംആർ മുന്നോട്ടുവയ്ക്കുന്നത്.

വലിയൊരു വ്യാപനം ഇനിയുണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമേ ഒഴിവാക്കാവൂ എന്നും വാക്‌സീൻ പരമപ്രധാനമാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞു. മുൻഗണന വിഭാഗങ്ങളിൽ 70 ശതമാനത്തിനു വാക്‌സീൻ നൽകുന്നതോടെ കൂട്ടപ്രതിരോധം ലഭിക്കുമെന്നാണു കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ഈ വർഷാവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകൾക്കും വാക്‌സീൻ നൽകാൻ കഴിഞ്ഞേക്കും. ജൂലൈയിലോ ഓഗസ്റ്റ് ആദ്യമോ പ്രതിദിനം ഒരു കോടിയാളുകൾക്കു വാക്‌സീൻ നൽകാൻ കഴിയുമെന്നു ഡോ. ബൽറാം ഭാർഗവ് പറഞ്ഞു.

വൈറസ് മാറിയാൽ കുട്ടികളിലും കടുക്കാം

വൈറസിന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായാൽ കുട്ടികളെ ബാധിക്കുന്ന രീതിയിലും വ്യത്യാസം വരാമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് പിടിപെട്ടവരിൽ 23% കുട്ടികൾക്കു മാത്രമേ നിലവിൽ ആശുപത്രി ചികിത്സ ആവശ്യമായി വന്നുള്ളു. കുട്ടികളുടെ പ്രതിരോധത്തിന് പുതിയ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി.