തിരൂരങ്ങാടി: മക്കൾ മൂന്ന് പേരും വിധിക്ക് കീഴടങ്ങിയതോടെ ജന്മം നൽകിയ അച്ഛനെയും അമ്മയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഒരു നാട് മുഴുവനും. മൂന്നിയൂർ വെളിമുക്ക് വാൽപറമ്പിൽ അഷ്‌റഫ് ഹഫ്‌സത്ത് ദമ്പതികൾക്കാണ് 17 വയസ്സു വരെ വളർത്തിക്കൊണ്ടു വന്ന മൂന്ന് മക്കളെ നഷ്ടമായത്. മൂന്നാമത്തെ മകൻ ഫവാസ് ഇന്നലെ വിധിക്ക് കീഴടങ്ങിയതോടെ നെഞ്ച് തകർന്ന് കരയുകയാണ് ആ അച്ഛനും അമ്മയും.

ഏഴാം വയസ്സിൽ അപൂർവ്വ രോഗം ബാധിച്ച മക്കൾ മൂവരും മരിച്ചത് 17-ാം വയസ്സിലാണ്. സൽമാനുൽ ഫാരിസ്, ഫാസിൽ, ഫവാസ് എന്നീ മൂന്ന് ആൺമക്കളായിരുന്നു അഷ്‌റഫ് ഹഫ്‌സത്ത് ദമ്പതികൾക്ക്. മസ്‌കുലർ ഡിസ്‌ട്രോഫി എന്ന അസുഖമാണ് മൂന്ന് പേരുടെയും ജീവൻ കവർന്നത്. ഏഴാം വയസ്സിലാണ് എല്ലാവർക്കും അസുഖം വന്നത്. 17 വയസ്സായിരുന്നു മരിക്കുമ്പോൾ എല്ലാവർക്കും പ്രായം. അസുഖം ബാധിച്ചപ്പോൾ തന്നെ മക്കൾക്ക് അധികം ആയുസില്ലെന്നു ഡോക്ടർമാർ മുന്നറിയിപ്പും നൽകിയിരുന്നു. എങ്കിലും നൊന്തു പെറ്റ മക്കളെ പൊന്നുപോലെയാണ് ഈ മാതാപിതാക്കൾ വളർത്തിയത്.

മൂന്ന് മക്കളും മിടുക്കന്മാരായിരുന്നു. ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുത്തു. പഠന രംഗത്തു മാത്രമല്ല, പാഠ്യേതര രംഗത്തും മികച്ചു നിന്നു. മൂത്ത മകൻ ഫാരിസ് നല്ല ചിത്രകാരനായിരുന്നു. 7 വർഷം മുൻപ് മരിച്ചു. രണ്ടാമത്തെ മകൻ ഫാസിൽ മരിച്ചിട്ട് 2 വർഷവും 10 ദിവസവുമായി. സമൂഹമാധ്യമങ്ങളിലെ ഇടപെടൽ കൊണ്ട് പ്രശസ്തനായിരുന്നു ഫാസിൽ. ഫാസിലും ഫവാസും ഇലക്ട്രിക് വീൽചെയറിലായിരുന്നു സ്‌കൂളിൽ പോയിരുന്നത്. ദേശീയപാതയിലൂടെ പോകുന്ന ഇവരെ ആദ്യം കാണുന്നവർക്ക് അദ്ഭുതമായിരുന്നു.

വിവിധ സ്ഥലങ്ങളിലേക്ക് ഇത്തരത്തിൽ യാത്ര പോയത് അന്നു വാർത്തയായിരുന്നു. കെയുആർടിസിയിൽ വീൽചെയർ ലോക്ക് ചെയ്യാനുള്ള സംവിധാനത്തിന് വേണ്ടി രംഗത്തിറങ്ങിയത് ഫാസിലിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നലെ മരിച്ച ഫവാസും പാഠ്യേതര രംഗങ്ങളിൽ മിടുക്കനായിരുന്നു. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. മൂന്ന് മക്കളെയും നഷ്ടപ്പെട്ട ദമ്പതികളെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും.