- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാർ ജയിൽ മോചിതരായേക്കും; നൂറിലേറെ തടവുകാരെ മോചിപ്പിക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ
തിരുവനന്തപുരം: നൂറിലേറെ തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കുന്നതു സർക്കാരിന്റെ സജീവ പരിഗണനയിൽ. 25 വർഷം ശിക്ഷ പൂർത്തിയാക്കിയ, 70 വയസ്സ് കഴിഞ്ഞ തടവുകാരെ മോചിപ്പിക്കാനാണു മൂന്ന് അംഗ സമിതി ശുപാർശ. ഇതിനൊപ്പം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41 തടവുകാരെയും വിട്ടയയ്ക്കും. മന്ത്രിസഭ ശുപാർശ ചെയ്താൽ ഗവർണറാണ് ഉത്തരവു പുറപ്പെടുവിക്കേണ്ടത്.
ഒന്നുകിൽ 70 വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇളവുകൾ സഹിതം 25 വർഷം ശിക്ഷ പൂർത്തിയാക്കിയിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. കോവിഡ് പടർന്നതോടെ പലരുടെയും അവസ്ഥ ദുരിതപൂർണമായി. ഇതോടെ മാനദണ്ഡം അടിസ്ഥാനമാക്കി ജയിൽ വകുപ്പ് പട്ടിക തയാറാക്കി. പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന നിലപാടാണു മുഖ്യമന്ത്രിക്കും സർക്കാരിനുമുള്ളത്.
ജയിൽ ഉപദേശക സമിതികൾ തള്ളിയവർ ഉൾപ്പെടെ ആദ്യ പട്ടികയിൽ 242 പേർ. പിന്നീടത് 169 പേരായി. ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ ഡിജിപി എന്നിവരുടെ സമിതി വീണ്ടും പരിശോധിച്ചു. പട്ടിക 60 പേരുടേതായി ചുരുങ്ങി. ഇളവുകൾ ഇല്ലാതെ 23 വർഷം ശിക്ഷ പൂർത്തിയാക്കണം. 75 കഴിഞ്ഞവരാണെങ്കിൽ 14 വർഷം തടവു പൂർത്തിയാക്കണം. എന്നാൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, ക്വട്ടേഷൻ സംഘങ്ങൾ, സ്ഥിരം കൊലപാതകികൾ, കള്ളക്കടത്തുകാർ, മാനഭംഗം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, ലഹരി കേസുകൾ, സ്ത്രീധന പീഡനം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർ പട്ടികയിൽ പെടാൻ പാടില്ലെന്ന നിർദ്ദേശം സർക്കാർ നൽകിയിരുന്നു. തുടർന്നാണ് ഉന്നത സമിതി പട്ടിക വീണ്ടും പരിശോധിച്ചു ചുരുക്കി 60 ആക്കിയത്.
14 വർഷം ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയവരെ വിട്ടയയ്ക്കണമെന്നു സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകൾ, ചീമേനി തുറന്ന ജയിൽ, തിരുവനന്തപുരം വനിതാ ജയിൽ എന്നിവിടങ്ങളിലെ ജയിൽ ഉപദേശക സമിതികൾ മോചിപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കി. ഇതിൽ 65 വയസ്സായ വനിതയും ഉൾപ്പെടും.