തേഞ്ഞിപ്പലം: കേരളത്തിൽ നിന്ന് ആദ്യമായി ഗ്ലൈഡർ വിമാനം പറത്തിയ ഷീലാ രമണി സർവ്വീസിൽ നിന്നും വിരമിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന വിരമിച്ച ഷീലാ രമണി ഇനി തിരക്കുകളിലേക്കാണ് കാലെടുത്ത് വയ്ക്കുന്നത്. കസേരയിലിരുന്ന് കംപ്യൂട്ടറിൽ ഫയലുകൾ നോക്കുന്നതിൽനിന്നുമാറി ആയുർവേദ ഡോക്ടർ, യോഗാധ്യാപിക, ഷൂട്ടിങ് ചാമ്പ്യൻ തുടങ്ങിയ നിരവധി റോളുകളിലേക്ക് ഷീല ഇനി അനായാസം കൂടുമാറാം.

സർവകലാശാലാ കാമ്പസിലെ പുതുതലമുറയ്ക്ക് 'ഗ്ലൈഡർ ഗേൾ' ആയിരുന്ന ഷീലയെ അത്ര പരിചയമുണ്ടാകില്ല. കേരളത്തിൽനിന്ന് ആദ്യമായി ഗ്ലൈഡർ വിമാനം പറത്തിയ പെൺകുട്ടി. 1984-െല റിപ്പബ്ലിക്ദിനാഘോഷത്തിൽ ഷീലാ രമണി ഗ്ലൈഡർ പറത്തിയപ്പോൾ കൈയടിക്കാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. തമ്പാനൂർ മോസ്‌ക് ലൈൻ 'ശ്രുതി'യിൽ പരേതനായ കെ.പി. ശ്രീധരൻ-ലീലാഭായി ദമ്പതിമാരുടെ മകളായ ഷീല വഴുതക്കാട് വനിതാകോളേജിൽ പഠിക്കുമ്പോൾ എൻ.സി.സി. കേഡറ്റായിരുന്നു. അവിടെനിന്നു നേടിയ പരിശീലനങ്ങളിലാണ് ഉയരങ്ങളിലേക്കു ചിറകുമുളച്ചത്.

ചെറുവിമാനങ്ങൾ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസൻസും നേടിയിരുന്നു. കൊമേഴ്സ്യൽ ലൈസൻസിന് ഭാരിച്ച ചെലവായതിനാൽ ആകാശമോഹങ്ങളെ വഴിതിരിച്ചുവിട്ടു. ആയുർവേദ ഡോക്ടർ, ഷൂട്ടിങ് ചാമ്പ്യൻ, കരാട്ടെ ബ്ലാക്ക്‌ബെൽറ്റ് ജേതാവ്, യോഗാധ്യാപിക, എൻ.സി.സി. അണ്ടർ ഓഫീസർ തുടങ്ങിയ റോളുകളിൽ തിളങ്ങി. 27 വർഷം മുമ്പാണ് കാലിക്കറ്റിലെത്തിയത്. കഴിഞ്ഞദിവസം എൻ.എസ്.എസ്. വിഭാഗത്തിൽനിന്ന് അസി. രജിസ്ട്രാർ ആയി വിരമിച്ചു. ഡോ. സാം എബനേസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 14 വർഷത്തിനുശേഷം പിറന്ന ആദ്യ ഏകമകളാണ്. ഇപ്പോൾ സർവകലാശാലയ്ക്കു സമീപം വാടകയ്ക്കാണ് താമസം.