മറയൂർ: മാസ്‌ക് വയ്ക്കാത്തതു ചോദ്യം ചെയ്ത പൊലീസുകാരെ യുവാവ് ക്രൂരമായി മർദ്ദിച്ചു. മറയൂർ എസ്എച്ച്ഒയ്ക്കും സിവിൽ പൊലീസ് ഓഫിസർക്കുമാണ് യുവാവിന്റെ മർദ്ദനമേറ്റത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കല്ല് ഉപയോഗിച്ചു മർദിച്ചതിനെത്തുടർന്നു സിവിൽ പൊലീസ് ഓഫിസർ അജീഷ് പോളിനു തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. എസ്എച്ച്ഒ ജി.എസ്. രതീഷിന്റെ തലയോട്ടിയിൽ പൊട്ടലുമുണ്ട്. സംഭവത്തിൽ മറയൂർ കോവിൽക്കടവ് സ്വദേശി സുലൈമാനെ (26) അറസ്റ്റ് ചെയ്തു.

ആന്തരിക രക്തസ്രാവമുള്ളതിനാൽ അജീഷിനു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രതീഷ് തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. മറയൂർ കോവിൽക്കടവിൽ നടത്തിയ പരിശോധനയ്ക്കിടെയാണു പ്രദേശവാസിയായ സുലൈമാൻ മാസ്‌ക് വയ്ക്കാതെ എത്തിയതു പൊലീസ് ചോദ്യം ചെയ്തത്. പൊലീസിനെതിരെ അസഭ്യം പറഞ്ഞതിനെത്തുടർന്ന് അടുത്തെത്തി കാര്യം അന്വേഷിക്കുന്നതിനിടെ രതീഷിനെ കല്ലെടുത്തു തലയ്ക്കടിക്കുകയായിരുന്നു.

തടയാനെത്തിയ അജീഷ് പോളിനും കല്ലു കൊണ്ടു തലയിൽ അടിയേറ്റു. തുടർന്നു മറ്റുള്ള പൊലീസുകാർ സുലൈമാനെ കീഴ്‌പ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷം എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും സുലൈമാൻ പ്രതിയാണ്.