കാസർകോട്: സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 60 വർഷത്തിനിടയിലെ ഏറ്റവും മികച്ച വേനൽമഴ. മാർച്ച് ഒന്നുമുതൽ മെയ്‌ 31 വരെ സാധാരണ ലഭിക്കേണ്ടിയിരുന്നത് 361.5 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇത്തവണ 750.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 2004-ൽ ലഭിച്ച 741.8 മില്ലിമീറ്റർ മഴയുടെ റെക്കോഡാണ് മറികടന്നത്.

സംസ്ഥാനചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ വേനൽമഴയാണിത്. ഇതിനുമുമ്പ് 1933-ൽ ലഭിച്ച 915.2 മില്ലിമീറ്റർ മഴയാണ് സർവകാല റെക്കോഡ്. 1960-791 മില്ലിമീറ്റർ, 1932-788, 1918-767 എന്നീ വർഷങ്ങളിലാണ് ഇതിന് മുൻപ് കൂടുതൽ വേനൽമഴ ലഭിച്ചത്. കഴിഞ്ഞവർഷം 386.4 മില്ലി മീറ്റർ (ഏഴുശതമാനം അധികം) മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2019-ൽ 169.6 മില്ലി മീറ്റർ (55 ശതമാനം കുറവ്), 2018-ൽ 521.8 മില്ലി മീറ്റർ (37 ശതമാനം അധികം) മഴയും പെയ്തു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം 108 ശതമാനം അധിക മഴയോടെയാണ് ഈ വർഷത്തെ വേനൽമഴക്കാലം അവസാനിച്ചത്.

ഇത്തവണ എല്ലാ ജില്ലകളിലും സാധാരണയിൽ കൂടുതൽ വേനൽ മഴ ലഭിച്ചു. തെക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ. 1342.6 മില്ലി മീറ്റർ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ (ശരാശരിയെക്കാൾ 171 ശതമാനം വർധന). കോട്ടയം-1049.5 മില്ലി മീറ്റർ തിരുവനന്തപുരം-952.4 മില്ലി മീറ്റർ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്ടാണ്- 440.9 മില്ലിമീറ്റർ (81 ശതമാനം കൂടുതൽ). കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം.

തുടർച്ചയായി ഉണ്ടായ ചുഴലിക്കാറ്റുകളാണ് മഴ കൂടാൻ കാരണം. അറബിക്കടലിൽ രൂപപ്പെട്ട 'ടൗട്ടെ', ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'യാസ്' ചുഴലിക്കാറ്റുകളുടെ ഫലമായി ആറുദിവസം കൊണ്ട് കേരളത്തിൽ 362.9 മില്ലിമീറ്റർ മഴയാണ് പെയ്തത്.