പ്രായപൂർത്തിയാകാത്തവരെയും ബലഹീനരെയും ദുരുപയോഗിച്ചാൽ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ഭേദഗതിയുമായി കാനൻ ലോ പരിഷ്‌കാരം. ഇത്തരം കാര്യങ്ങളിൽ മൂടിവയ്ക്കലോ ഒതുക്കിത്തീർക്കലോ പാടില്ലെന്നും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച ഭേദഗതിയിൽ പറയുന്നു. ബ്രഹ്മചര്യത്തിനെതിരായ കുറ്റം ചെയ്യുന്ന വൈദികരെ ഉടൻ വൈദികവൃത്തിയിൽ നിന്നു പുറത്താക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വൈദികരുടെയും സഭാ സ്ഥാപനങ്ങളുടെ ചുമതലക്കാരായ ആത്മായരുടെയും ലൈംഗികാതിക്രമം കിമിനൽ കുറ്റമാക്കി മാറ്റിയിരിക്കുകയാണ് പുതിയ ഭേദഗതിയിലൂടെ. പുരോഹിതന്മാർക്കുപുറമെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന സാധാരണക്കാരും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ശിക്ഷിക്കപ്പെടും. കുറ്റം ചെയ്താൽ കർശന ശിക്ഷ ഉറപ്പാക്കാൻ മെത്രാന്മാർക്കു നിർദ്ദേശവും നൽകി. ഇത്തരം കാര്യങ്ങൾ യഥാസമയം മേലധികാരികളെ അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ട മെത്രാന്മാർ വീഴ്ച വരുത്തിയാൽ അവർക്കെതിരെയും നടപടികളുണ്ടാവും.

ലൈംഗിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെ കൊണ്ടുവന്നിട്ടുണ്ട്. 14 വർഷം നീണ്ട പഠനത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് വത്തിക്കാൻ കോഡ് ഓഫ് കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്. ഭേദഗതികൾ വരുന്ന ഡിസംബർ 8നു പ്രാബല്യത്തിൽ വരും. പള്ളികളിൽ പുരോഹിതന്മാർക്കുനേരെ ലൈംഗികാരോപണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതു ചർച്ച ചെയ്യാൻ നിയമത്തിൽ 1395, 1398 എന്നീ രണ്ട് വകുപ്പുകളാണ് പുതുതായി ഉൾപ്പെടുത്തിയത്.

1983ലെ പോപ്പ് ജോൺ പോൾ അംഗീകരിച്ച നിയമം കുറച്ചു കൂടി വിപൂലീകരിച്ചാണ് ഇപ്പോൾ വീണ്ടും പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. കത്തോലിക്കാ പുരോഹിതന്മാർ ഉൾപ്പെട്ട നിരവധി ലൈംഗികാതിക്രമ കേസുകളാണ് ലോകമെമ്പാടുമായി ഉള്ളത്. വർഷങ്ങളായി തുടർന്നു വരുന്ന ഈ നാണക്കേടിന് പരിഹാരം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് കത്തോലിക്ക സഭ പങ്കുവെക്കുന്നത്.

നിയമത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചുള്ള ആമുഖത്തിൽ പോപ്പ് ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞു: ' നീതി പുനഃസ്ഥാപിക്കുക, കുറ്റവാളിയെ സന്മാർഗിയാക്കി തീർക്കുക, അഴിമതി ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യം.' 2009 മുതലാണ് നിയമം പരിഷ്‌കരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കാനൻ ലോ ചർച്ച് കോഡിലെ ആറു സെക്ഷനുകളും 1750 ആർട്ടിക്കിളുകൾ ഉള്ള സെവൻ ബുക്ക് കോഡും ഉൾപ്പെടുന്നതായിരുന്നു ഈ പരിഷ്‌കാരം.