- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മമാർക്ക് ശമ്പളം; പദ്ധതി നടപ്പാക്കി രണ്ട് മാസത്തിൽ കാർ സ്വാന്തമാക്കി ഈ പ്രവാസി മലയാളി വീട്ടമ്മ
ഭർത്താവിനൊപ്പം ഭാര്യയും കൂടി ജോലി നോക്കിയില്ലെങ്കിൽ ഇന്നത്തെക്കാലത്ത് ഏതു കുടുംബ ബജറ്റും അവതാളത്തിലാകും. പക്ഷേ, ഭാര്യ സ്ഥിരമായി ജോലിക്കിറങ്ങുമ്പോൾ കുട്ടികളുടെ പഠനം ഉൾപ്പെടെ കുടുംബത്തിലെ മറ്റനേകം കാര്യങ്ങൾ അവതാളത്തിലായിപ്പോകുന്നു എന്ന മറ്റൊരു യാഥാർഥ്യവും ഇതിനുണ്ട് . എന്നാൽ ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സുധീറിന്റെ പത്‌നി ഫിജി സുധീർ കാർ വാങ്ങിയത്, വീട്ടമ്മയുടെ 'ജോലി' മാത്രം ചെയ്തു കൊണ്ടാണ്. സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികൾക്ക് ശമ്പളം നൽകുമെന്ന ഏരീസ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഡോ. സോഹൻ റോയിയുടെ പ്രഖ്യാപനമാണ് ഫിജിക്ക് അതിന് സാമ്പത്തികമായ കരുത്തു നൽകിയത്. വീട്ടമ്മ എന്ന നിലയിൽ തനിക്ക് കിട്ടുന്ന ശമ്പളം ഉപയോഗിച്ച് ഒരു കാർ ബുക്ക് ചെയ്യാൻ സാധിച്ച സന്തോഷത്തിലാണ് ഇപ്പോൾ അവർ. കുട്ടികളെ സ്‌കൂളിൽ വിടുന്നത് ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങൾ, ഇനി ആരെയും ആശ്രയിക്കാതെ ചെയ്യാൻ സാധിക്കുന്നു എന്നത് വളരെ അഭിമാനാർഹമായ നേട്ടമാണെന്ന് ഫിജി പറയുന്നു.
'സ്വന്തമായി പുറത്തുപോയി ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളം കൊണ്ട് ഒരു കാർ വാങ്ങുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ കുട്ടികൾ ചെറുതായതിനാൽ വീട്ടിൽനിന്നും മാറി നിൽക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു. അപ്പോഴാണ് മൂന്ന് മാസം മുൻപ് ഇങ്ങനെയൊരു പ്രഖ്യാപനം വന്നത്. അന്നുമുതൽ ശമ്പളം ലഭിക്കുന്നുണ്ട്. അപ്പോഴാണ് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചത്. കാരണം, കൊറോണക്കാലം കൂടി ആയതിനാൽ പൊതുഗതാഗതത്തെ ആശ്രയിക്കാതെ കുട്ടികളെ സ്‌കൂളിൽ വിടുന്നത് ഉൾപ്പെടെയുള്ള ദൈനംദിന ജോലികൾ ചെയ്യാൻ ഈ വാഹനം ഒരുപാട് സഹായിക്കും. അത് മാത്രമല്ല, പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമാണ്.
യു എ ഇ യിലെ ഇലക്ട്രിക് കാറുകൾ. പ്രതിമാസം 2500 ദിർഹം ഇഎംഐ ആയി അടച്ചാൽ മതി. ഇലക്ട്രിക് ആയതിനാൽ ഇന്ധനം പരിപാലനം എന്നിവയ്ക്കുള്ള ചെലവുകളിൽ നിന്ന് ഏകദേശം 1000 ദിർഹത്തോളം ലാഭവും ലഭിക്കും. ഒപ്പം, ഇന്ധനമലിനീകരണം ഇല്ലാത്തതിനാൽ, നമ്മുടെ പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാതെ അതിനെ ശുദ്ധവും സുരക്ഷിതവുമായി നിലനിർത്തുവാനും ഇലക്ട്രിക് കാറുകൾക്ക് കഴിയും' ഫിജി സുധീർ പറഞ്ഞു.
ഏരീസ് ഗ്രൂപ്പ് നടപ്പിലാക്കിയ ഈ പദ്ധതി സ്ത്രീ ശാക്തീകരണത്തിന് വളരെയധികം പ്രോത്സാഹനം നൽകുന്ന ഒന്നാണെന്ന അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ ഒട്ടനവധിപ്പേർ പങ്കുവെക്കുന്നുണ്ട്.
സ്ത്രീകൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കുന്ന ഒരു അന്തരീക്ഷം ഇന്ന് സമൂഹത്തിൽ കൂടുതലായി സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. തൊഴിൽ രംഗത്തേയ്ക്കും വ്യവസായ രംഗത്തേയ്ക്കും കൂടുതൽ സ്ത്രീകൾ കടന്നുവരുന്നതിന്റെ ഫലമായി അവർക്കുണ്ടാവുന്ന 'സാമ്പത്തിക സ്വാതന്ത്ര്യമാണ് ' ഇതിന് ഒരു പ്രധാന കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വീട്ടമ്മമാരുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഭർത്താവും ഭാര്യയും ഒരുമിച്ച് ജോലിക്ക് പോയാൽ കുടുംബാന്തരീക്ഷം താളം തെറ്റി പോകുമെന്ന ഭയത്താൽ വീട്ടമ്മയായി കഴിയുന്നവർ ഒരുപാടുണ്ട്.
കുടുംബത്തിലെ പ്രായമായ അച്ഛനമ്മമാരുടെ ക്ഷേമം മുതൽ വീട്ടിലെ കുഞ്ഞുങ്ങളുടെ പഠനത്തിനും മാനസികാരോഗ്യത്തിനും വേണ്ടി സ്വയം വീട്ടമ്മമാരായി മാറേണ്ടി വരുമ്പോൾ, അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. എന്നാൽ അത്തരത്തിൽ ഒരു വീട്ടമ്മ ആയിപ്പോയതിന്റെ പേരിൽ, നഷ്ടപ്പെട്ടുപോകുന്ന സാമ്പത്തിക സ്വാതന്ത്ര്യം തിരിച്ചു നൽകുകയാണ് ഈ പദ്ധതിയിലൂടെ ഏരീസ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്.
സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വളരെയധികം പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് ഇത് എന്നതിന് മറ്റ് ഉദാഹരണങ്ങൾ ആവശ്യമില്ലെന്ന് ഫിജിയുടെ സന്തോഷം പങ്കുവച്ചുകൊണ്ട് ഏരീസ് ഗ്രൂപ്പിന്റെ ചീഫ് ഹാപ്പിനെസ്സ് ഓഫീസർ ആയ നിവേദ്യ സോഹൻ റോയ് പറഞ്ഞു. ' കോവിഡ് എന്ന മഹാമാരി മനുഷ്യരുടെ സാമൂഹിക ജീവിതത്തെ വളരെയധികം ദോഷകരമായി ബാധിച്ചു. ഇതിന്റെ ഫലമായി ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവിക്കേണ്ടിവന്ന ഒരു വിഭാഗമാണ് വീട്ടമ്മമാർ. കുടുംബത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനൊപ്പം തങ്ങളുടെ പങ്കാളികൾക്ക് ആവശ്യമായ മാനസിക പിന്തുണയും അവർക്ക് നൽകേണ്ടിവരുന്നു. അവരുടെ ത്യാഗത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈയൊരു പദ്ധതി ഞങ്ങളുടെ സ്ഥാപനം നടപ്പാക്കിയത്. മറ്റുള്ളവർക്കും ഇത് മാതൃകയാകുമെന്ന് ഞങ്ങൾക്കുറപ്പുണ്ട് ' നിവേദ്യ പറഞ്ഞു.
ജീവനക്കാർക്കായി ഒട്ടേറെ പദ്ധതികൾ വളരെ മുൻപേ തന്നെ ഏരീസ് ഗ്രൂപ്പിൽ നടപ്പാക്കിയിട്ടുണ്ട്. ജീവനക്കാരുടെ മാതാപിതാക്കൾക്ക് മാസാമാസം പെൻഷൻ വിതരണം ചെയ്യുക, നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവനക്കാർക്ക് ആവശ്യമുള്ളപക്ഷം മാന്യമായ റിട്ടയർമെന്റിന് അവസരമൊരുക്കുക , ജീവനക്കാർക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക , കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണൽ അലവൻസും സ്‌കോളർഷിപ്പുകളും കൊടുക്കുക , സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക , ജീവനക്കാർക്കായി ഹെൽത്ത് മാനേജ്‌മെന്റ് സംവിധാനം സൃഷ്ടിക്കുക , സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം ഇതിൽ ചിലതാണ്. ഒപ്പം, അൻപത് ശതമാനം ഓഹരികൾ ജീവനക്കാർക്കായി മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഒട്ടേറെ ജീവനക്കാർക്ക് അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ഓഹരികൾ പണമായും വിതരണം ചെയ്തിരുന്നു.
പതിനാറോളം രാജ്യങ്ങളിൽ ബ്രാഞ്ചുകളും കമ്പനികളും ജീവനക്കാരുള്ള സ്ഥാപനമാണ് ഏരീസ് ഗ്രൂപ്പ്. മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ, കപ്പലുകളുടെ യു.റ്റി ഗേജിങ് സർവേ, റോപ്പ് ആക്‌സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും ഗ്രൂപ്പ് മുതൽമുടക്കിയിട്ടുണ്ട്. ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് കണക്കിലെടുത്ത് ഇന്ത്യയിലെ ഏറ്റവും നല്ല തൊഴിൽദാതാവിനുള്ള 'ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ് ', സ്ഥാപനത്തിന്റെ സിഇഒയും ചെയർമാനുമായ ഡോക്ടർ സോഹൻ റോയിക്ക് മുൻപ് ലഭിച്ചിരുന്നു.