ഡാളസ് : ഡാളസ് കേരള അസ്സോസിയേഷൻ മെയ് 29ന് സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിച്ച ഹെൽത്ത് സെമിനാർ ഏറെ വിജ്ഞാനപ്രദമായി.'കോവിഡ് 19 ഫാക്ടസ് ആൻഡ് ഫിയേഴ്സ് ' എന്ന ആനുകാലിക വിഷയത്തെകുറിച്ചു അമേരിക്കയിലെ പ്രമുഖ കാൻസർ രോഗ വിദഗ്ദനും, സാഹിത്യ നിരൂപകനുമായ ഡോ.ഏ.വി.പിള്ള പ്രബന്ധം അവതരിപ്പിച്ചു.

മാനവരാശിയെ ഇപ്പോഴും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തെകുറിച്ചും, ആരംഭത്തിൽ കോവിഡിനെ നേരിടുന്നതിൽ പ്രകടിപ്പിച്ച അലംഭാവവും, തുടർന്ന് കൊറോണ വൈറസ് നടത്തിയ സംഹാരതാണ്ഡവവും, ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ചും ഡോക്ടർപിള്ള വിശദീകരിച്ചു.ഉത്തരവാദിത്തപ്പെട്ടവർ നൽകുന്ന നിർദ്ദേശങ്ങളും, സ്വയം പാലിക്കപ്പെടേണ്ട നിയന്ത്രണങ്ങളും മാത്രമേ രോഗവ്യാപനം തടയുന്നതിനുള്ള ഏകമാർഗമെന്നും ഡോക്ടർ പറഞ്ഞു.

ഡാളസ് ഫോർട്ട് വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.കേരള അസ്സോസിയേഷൻ പ്രസിഡന്റ് ഡാിയേൽ കുന്നേൽ മുഖ്യാതിഥിയുൾപ്പെടെ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ഡോ.പിള്ളയെ പരിചയപ്പെടുത്തുകയും ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് നാഗന്തൂലിൽ നന്ദി പറഞ്ഞു. അസ്സോസിയേഷൻ ഭാരവാഹി ഡോ.ജെസ്സി പോൾ മോഡറേറ്ററായിരുന്നു.