- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പറും കോവിഷിൽഡിന്റെ മുഴുവൻ പേരും ഉൾപ്പടെത്തണമെന്ന് ഹൈക്കോടതി; നിർദ്ദേശം ജിദ്ദ കെ എം സി സിയും യുവ സംരംഭകനും ചേർന്ന് സമർപ്പിച്ച ഹർജിയിൽ
ജിദ്ദ: പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്‌സിനേഷൻ നയത്തിനെതിരെ ജിദ്ദ കെ എം സി സിയും ജിദ്ദയിലെ യുവ മലയാളി സംരംഭകൻ റഹീം പട്ടർകടവനും നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡിന്റെ മുഴുവൻ പേരും ഉൾപെടുത്തണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസ് മുഹമ്മദ് മുസ്താക്, ഡോ കൗസർ ഇടപ്പകത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് വി പി മുസ്തഫയാണ് ഹർജി നൽകിയത്. കോവിഡ് സെര്ടിഫിക്കട്ടിലുള്ള അപാകത മൂലം പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ ഹാരിസ് ബീരാൻ കോടതിയിൽ ബോധിപ്പിച്ചു. സൗദി സർക്കാർ നിർദ്ദേശം പ്രകാരം അസ്ട്രാ സിനെക്ക വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ പ്രവേശനം ക്വാറന്റൈൻ ഒഴിവാകലും സാധിക്കും. എന്നാൽ ഇന്ത്യയിൽ കിട്ടുന്ന വാക്സിൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡ് എന്ന് മാത്രം പരാമർശിക്കുന്നതിനാൽ സൗദിയിൽ അംഗീകാരം ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് ഹർജികൾ ഫയൽ ചെയ്തത്. വാക്സിൻ സർട്ടിഫിക്കറ്റിൽ അസ്ട്രാ സിനെക്ക എന്ന മുഴുവൻ പേരും രേഖപെടുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
പ്രവാസികളുടെ പാസ്‌പോർട്ട് നമ്പറും സർട്ടിഫിക്കറ്റിൽ ചേർക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചു.സൗദിയിലേക്കുള്ള പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് കോടതിയെ ധരിപ്പിച്ചത്.. നിലവിലുള്ള സാഹചര്യത്തിൽ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്‌കരമാണ്.
ഇന്ത്യ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാൽ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനിൽ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവിൽ സൗദിയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. അതിനു ശേഷം വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ സൗദിയിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആണ് സൗദി നിഷ്‌കർഷിക്കുന്നത്.
സൗദി സർക്കാരിന്റെ സർക്കുലർ പ്രകാരം ആസ്ട്ര സെനെക്ക വാക്‌സിൻ രണ്ടു ഡോസ് എടുക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പക്ഷേ ഇന്ത്യയിൽ ആസ്ട്ര സെനെക്ക വാക്‌സിൻ കോവീഷീൽഡ് എന്ന പേരിലാണ് നൽകുന്നത്. സർട്ടിഫിക്കറ്റിലും കോവീഷീൽഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നത് സൗദി സർക്കാർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീൽഡ് വിക്‌സിനെടുത്ത് പോകുന്നവർക്ക് സൗദിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.
ഹൈക്കോടതിയോട് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത് കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നും സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി പ്രതിപാദിക്കുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അതോടു കൂടെ പ്രവാസികളുടെ പാസ്‌പ്പോർട്ട് നമ്പറും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം എന്നുമാണ്. ഈ രണ്ടു ആവശ്യങ്ങളും കോടതി ഇന്ന് അംഗീകരിച്ചു.
ഇന്ത്യയിൽ ലഭ്യമായ മറ്റൊരു വാക്‌സിൻ കോവാക്‌സിൻ നിലവിൽ സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്‌സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്‌സിൻ എടുക്കാൻ പോകുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്.
കോവാക്‌സിൻ എടുത്ത ഒരു പ്രവാസിയാണെങ്കിൽ അതിന്റെ ഒരു ആനുകൂല്യവും സൗദിയിൽ അയാൾക്ക് ലഭിക്കുകയില്ല. അതിനാൽ കോവാക്‌സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം തികച്ചും ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു . ഇതിൽ മറുപടി പറയാൻ കേന്ദ്ര സർക്കാറിന് രണ്ടാഴ്ച സമയം നൽകി.
സൗദിയിലേക്കുള്ള യാത്രക്ക് ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഒരു പ്രവാസിക്ക് ചെലവാകുന്നത്. അതിൽ ഏകദേശം എഴുപതിനായിരം രൂപയും സൗദിയിൽ ഹോട്ടൽ ക്വാറന്റൈൻ സൗകര്യത്തിനായാണ് ചെലവഴിക്കേണ്ടി വരുന്നത്. അതിനാൽ ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചാൽ എഴുപതിനായിരം രൂപയോളം ഓരോ പ്രവാസിക്കും യാത്രയിൽ ലാഭിക്കാനാകും.
മറ്റൊരു ആവശ്യമായി ഹർജിക്കാർ ഉന്നയിച്ച നാട്ടിലുള്ള പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകണമെന്ന വിഷയത്തിൽ അനുകൂല നിലപാട് കേരള സർക്കാർ എടുത്തുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രവാസികൾക്കായ് നടത്തിയ നിയമ പോരാട്ടത്തിൽ അനുകൂല വിധി നേടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ജിദ്ദ കെ എം സി സി പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പറഞ്ഞു