തിരുവനന്തപുരം: 400 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ ആർഎസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പറഞ്ഞു. കൊടകരയിൽ നിന്നും കണ്ടെടുത്ത ഹവാല പണത്തിന്റെ അന്വേഷണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച 400 കോടിയിൽ എത്തി നിൽക്കുകയാണ്. ഉന്നത ആർഎസ്എസ്-ബിജെപി നേതാക്കൾക്ക് സംഭവത്തിൽ പങ്കുള്ളതായി വ്യക്തമായിരിക്കുന്നു.

ബിജെപിയെ നിയന്ത്രിക്കാൻ ആർഎസ്എസ് നിയോഗിച്ച സംഘടനാ സെക്രട്ടറിയിലേക്ക് കള്ളപ്പണ ഇടപാടിന്റെ അന്വേഷണം എത്തിയിരിക്കുന്നു. സംഭവത്തിൽ ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഹെലികോപ്റ്ററിൽ കള്ളപ്പണം കടത്തി എന്ന വാർത്ത പുറത്തുവന്നതിനാൽ തന്നെ സുരേന്ദ്രന്റെ പങ്കും വ്യക്തമായിരിക്കുന്നു. സുരേന്ദ്രൻ ഉൾപ്പടെയുള്ള ആർഎസ്എസ് ബിജെപി നേതാക്കളെ അടിയന്തരമായി ചോദ്യം ചെയ്യണം. രാജ്യദ്രോഹികളായ ഇക്കൂട്ടരെ ജയിലിലടക്കാൻ സർക്കാർ തയ്യാറാവണം.

ആർഎസ്എസ്- ബിജെപി നേതാക്കൾ പങ്കാളികളായ കൊടകര കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടരുന്ന മൗനം ഇഡിയുടെ സത്യസന്ധത സംബന്ധിച്ച് കൃത്യമായ സന്ദേശം  നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കള്ളപ്പണ ഇടപാടിനെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന തലത്തിലേക്ക് ഇഡി മാറിയിരിക്കുന്നു. ചാനൽ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകനായ വിനുവിന് ഭീഷണി സന്ദേശം അയച്ചത് കേന്ദ്ര ഏജൻസിയാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. ആർഎസ്എസിന്റെ പോഷക സംഘടന എന്ന നിലയിലേക്ക് കേന്ദ്ര ഏജൻസിയായ ഇഡി അധപതിച്ചിരിക്കുകയാണ്.

മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തെ വിമർശിക്കുന്നവരെ വ്യാജകഥകൾ മെനഞ്ഞ് വേട്ടയാടാൻ വ്യഗ്രത കാട്ടുന്ന ഇഡി പൂർണമായും ആർഎസ്എസ്സിന്റെ ചട്ടുകമായി മാറിയെന്നതിൽ സംശയമില്ല. കേവലം 5000 രൂപ ഒരാൾക്ക് അയച്ചുവെന്നതിന്റെ പേരിൽ കേരളത്തിലെ വിദ്യാർത്ഥി നേതാവിനെ അറസ്റ്റ് ചെയ്ത ഇഡി സംസ്ഥാനത്ത് കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ ചെറുതല്ല. കൂടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തിൽ മറ്റ് നിരവധിയായ കേസുകളിലും ആരോപണങ്ങളിലും ഇഡിയുടെ ഇടപെടലുകൾ സജീവമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനിടെ മൂന്നരക്കോടി രൂപയുടെ കള്ളപ്പണം കൊടകരയിൽ പിടികൂടിയിട്ടും ഇഡി അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. കള്ളപ്പണത്തിന് പിന്നിലുള്ള ബിജെപി- ആർഎസ്എസ് ബന്ധം തന്നെയാണ് ഇഡിയുടെ നിർബന്ധിത മൗനത്തിന് പിന്നിലെന്ന് വ്യക്തമാണ്.

ആധികാരമുപയോഗിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർത്ത് സമാന്തര സാമ്പത്തിക സംവിധാനമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. കൊടകര ഹവാല പണമിടപാടിന്റെ അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോയാൽ ഇത് വ്യക്തമാകുമെന്നും സർക്കാർ അതിന് തയ്യാറാകണമെന്നും റഫീഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.