മസ്‌കത്: ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി ഒമാൻ സുപ്രീം കമ്മിറ്റി. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് ബുധനാഴ്ച കമ്മിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ,യുകെ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപൈൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഒമാനിൽ യാത്രാ വിലക്കുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശന വിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമിറ്റി അറിയിച്ചു. ബുധനാഴ്ചയാണ് അറിയിപ്പുണ്ടായത്.

അതേസമയം ഒമാനിൽ താമസിച്ച് മറ്റ് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും അതിർത്തി കടന്ന് യാത്ര ചെയ്യാനും ബുധനാഴ്ച സുപ്രീം കമിറ്റി അനുമതി നൽകി. ഇതിന് തൊഴിലുടമയിൽ നിന്നുള്ള രേഖ ഹാജരാക്കണം. രാത്രി സമയത്തെ വ്യാപാര നിയന്ത്രണം നീക്കുകയും ചെയ്തു. രാജ്യത്തെ പള്ളികൾ തുറക്കുന്നത് ഉൾപെടെയുള്ള ചില ഇളവുകളും അനുവദിച്ചിട്ടുണ്ട്.

ജൂൺ അഞ്ച് ഉച്ചക്ക് രണ്ട് മുതൽ പ്രവേശന വിലക്ക് പ്രാബല്യത്തിൽ വരും. ഒന്നര മാസത്തോളമായി തുടരുന്ന വിലക്ക് ഉടൻ നീങ്ങിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ളവർ. പലരും തിരിച്ചെത്താനുള്ള കാത്തിരിപ്പിലാണ്.