മനാമ: ബഹ്‌റൈനിൽ കുടുങ്ങിയ സഊദി പ്രവാസികൾക്ക് സമാശ്വാസമായി കെഎംസിസി ബഹ്‌റൈൻ ഒരുക്കിയ ചാർട്ടേഡ് വിമാനങ്ങൾ സഊദിയിലെത്തി. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് 160 മുതിർന്നവരും നാല് കുട്ടികളുമടക്കമുള്ള യാത്രക്കാർ വീതമുള്ള വിമാനങ്ങൾ പറന്നുയർന്നത്. ദമാമിലേക്കുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് 2.15 നും റിയാദിലേക്കുള്ള വിമാനം ഇന്ന് രാവിലെ 8.10 നുമാണ് യാത്ര തിരിച്ചത്. സഊദി-ബഹ്റൈൻ അതിർത്തി അടച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ സഊദി പ്രവാസികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞാണ് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹ്റനൈിൽനിന്ന് സഊദിയിലേക്ക് ചാർട്ടേഡ് വിമാന സർവീസ് ഒരുക്കിയത്.

ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവീസിന് സഊദി വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ ബഹ്റൈൻ വഴിയായിരുന്നു പലരും സഊദിയിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈൻ-സഊദി റോഡ് മാർഗം പോകാൻ കഴിയാതെ വന്നതോടെ ആയിരത്തോളം മലയാളികൾ ബഹ്റൈനിൽ ദുരിതത്തിലാവുകയായിരുന്നു.

ബഹ്‌റൈനിൽ ദുരിതക്കയത്തിലായ സഊദി പ്രവാസികളിൽ ചിലർക്കെങ്കിലും ആശ്വാസമേകാൻ കെഎംസിസി ബഹ്‌റൈന് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസ സഹോദരന്മാർക്ക് കരുതലേകേണ്ടത് ഏവരുടെയും കടമയാണ്. ഇതിന് എല്ലാ സഹകരണവും നൽകിയവർക്ക് നന്ദി പ്രകടമാക്കുന്നതായും നേതാക്കൾ പറഞ്ഞു. ഫ്‌ളൈ സാഫ്രോൺ ട്രാവൽസുമായി സഹകരിച്ചാണ് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാർട്ടേഡ് വീമാനം ഒരുക്കിയത്. ട്രാവൽസ് ഉടമ വിപി അഫ്സൽ, കെഎംസിസി ബഹ്റൈൻ നേതാക്കളായ ഗഫൂർ കൈപമംഗലം, ഷാഫി പാറക്കട്ട എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. ആശങ്കകൾ മറനീക്കി സൗദിയിലെത്തിയ സന്തോഷത്തിലാണ് യാത്രക്കാർ.