വളാഞ്ചേരി: കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ലാബ് ഉടമ അറസ്റ്റിൽ. രണ്ടായിരത്തോളം പേരെ കബളിപ്പിച്ച് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളംരൂപ തട്ടിയെടുത്ത കേസിൽ വളാഞ്ചേരിയിലെ അർമ ലാബ് ഉടമ ചെർപ്പുളശ്ശേരിക്കടുത്ത് തൂത സ്വദേശി സുനിൽ സാദത്ത് ആണ് അറസ്റ്റിലായത്.

കോവിഡ് ടെസ്റ്റിനെത്തുന്നവരിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച ശേഷം കോവിഡ് പരിശോധന നടത്താതെ തന്നെ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കായി 2500 പേരിൽനിന്ന് സാമ്പിൾ ശേഖരിച്ചു. ഇതിൽ 496 സാമ്പിളുകളേ കോഴിക്കോട്ടെ പ്രധാനലാബിലേക്ക് പരിശോധനയ്ക്കായി നൽകിയുള്ളൂ. ബാക്കിയുള്ളവ വളാഞ്ചേരിയിലെ അർമ ലാബിൽത്തന്നെ നശിപ്പിച്ച ശേഷം വ്യാജ സർട്ടിഫിക്കറ്റ് നൽകി.

കോഴിക്കോട്ടെ ലാബിന്റെ ലെറ്റർഹെഡിലാണ് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൃത്രിമമായി നിർമ്മിച്ചുനൽകിയത്. പരിശോധനപോലും നടത്താതെ ഒരുടെസ്റ്റിന് 2750 രൂപവീതം രണ്ടായിരത്തോളം പേരിൽനിന്ന് പണം തട്ടിയെന്നാണ് കേസ്. സംഭവത്തിൽ ലാബ് ഉടമ സുനിൽ സാദത്തിന്റെ മകനും ലാബ് നടത്തിപ്പുകാരനുമായ സജിത് എസ്. സാദത്ത്, കൂട്ടുപ്രതി മുഹമ്മദ് ഉനൈസ്, ലാബ് ജീവനക്കാരൻ അബ്ദുൾനാസർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. എന്നാൽ സുനിൽസാദത്ത് ഒളിവിൽപ്പോയി.

കേസിൽ അന്വേഷണം തുടരുന്നതിനിടെ സുനിൽസാദത്ത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സാദത്തിനെ ഒരുലക്ഷം രൂപ പിഴചുമത്തി രണ്ട് ആൾജാമ്യത്തിൽ വിടുകയും ചെയ്തു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരായപ്പോഴാണ് സാദത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വളാഞ്ചേരി കുളമംഗലത്തെ ലാബിലെത്തിച്ച് എസ്.എച്ച്.ഒ. പി.എം. ഷമീർ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി.