കോവിഡിനു കാരണക്കാരനായ കൊറോണയെക്കുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കാത്ത ഒരു യജ്ഞമാണ്. ഇനിയും മനുഷ്യന് പൂർണ്ണമായും മനസ്സിലാക്കാൻ ആകാത്ത ഈ കുഞ്ഞൻ വൈറസിനെ കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ വർത്തമാനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തുടരുന്ന പഠനത്തിൽ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്, ജനിതകമാറ്റം സംഭവിച്ചുണ്ടായ ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കാൻ ഫൈസർ വാക്സിൻ അതയ്ക്ക് ഫലപ്രദമല്ല എന്നാണ്.

ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റിയുട്ടും യു സി എൽ എച്ച് ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് റിസർച്ചും സംയുക്തമായി നടത്തിയ പഠനത്തിൽ തെളിഞ്ഞത്ഫൈസർ വാക്സിൻ വളരെ കുറവ് അളവിലുള്ള ആന്റിബോഡികൾ ഉദ്പാദിപ്പിക്കുവാനേ സഹായിക്കുന്നുള്ളു എന്നാണ്. മാത്രമല്ല, പ്രായം കൂടുംതോറും ഉദ്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ എണ്ണം കുറവായിരിക്കുകയും ചെയ്യും. അതോടൊപ്പം, സമയം കടന്നുപോകുന്നതിനോടൊപ്പം ആന്റിബോഡികളുടെ അളവ് കുറഞ്ഞുവരികയും ചെയ്യും.

ഇത് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമാണ്. കോവിഡ് ഡെൽറ്റ എന്ന് ഇപ്പോൾ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ ചെറുക്കാൻ ഈ ന്യുനതയുള്ള ഫൈസറിന് കഴിയില്ലെന്ന ആശങ്കയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കെന്റ് വകഭേദത്തേക്കാൾ ഇരട്ടിയോളം വ്യാപനശേഷി കൂടുതലുള്ള ഇന്ത്യൻ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ആവശ്യമുള്ള അളവിൽ ആന്റിബോഡികൾ ഉദ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് ഇതിന്റെ കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

ഇനിയും മാരകമായ് നേപ്പാൾ ഇനത്തിന്റെ വരവ് കൂടി ആയതോടെ, ആശങ്ക കൂടുതൽ വർദ്ധിക്കുകയാണ്. ഇന്ത്യൻ ഇനത്തെ ചെറുക്കാൻ കഴിയില്ലെങ്കിൽ കൂടുതൽ മാരകമായ നേപ്പാൾ ഇനത്തെ എങ്ങനെ ചെറുക്കാനാവും എന്നതാണ് ആശങ്ക. ഇപ്പോൾ തന്നെ രോഗ്യ വ്യാപനം വർദ്ധിക്കുവാൻ തുടങ്ങിയ ബ്രിട്ടനിൽ, ഈ റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ ജൂൺ 21-ലെ സ്വാതന്ത്ര്യ പ്രഖ്യാപനം വീണ്ടും നീട്ടിയേക്കും എന്നൊരു സൂചനയും ലഭിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ സർക്കാർ വൃത്തങ്ങൾ തയ്യാറാകുന്നുമില്ല.

ഏതായാലും വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണമെന്നാണ് ഈ പുതിയ റിപ്പോർട്ട് പറയുന്നത്. ഫൈസറിന്റെ ആദ്യ വാക്സിൻ മാത്രം നൽകുമ്പോൾ ബി. 1.167.2 എന്ന ഇന്ത്യൻ വകഭേദത്തിനെതിരെ വളരെ കുറവ് ആന്റിബോഡികൾ മാത്രമാണ് ഉദ്പാദിപ്പിക്കപ്പെടുന്നത്. രണ്ടാം ഡോസു കൂടി നൽകുമ്പോഴെ ചെറിയതോതിലെങ്കിലും ഈ ഇനത്തെ പ്രതിരോധിക്കുവാനുള്ള ആന്റിബോഡികൾ ഉണ്ടാകൂ എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല, കാലം കഴിയുന്തോറും ആന്റിബോഡികൾ കുറഞ്ഞുവരുന്നതിനാൽ, വരുന്ന ശരത്ക്കാലത്ത് ഒരു ബൂസ്റ്റർ ഡോസുകൂടി നൽകേണ്ടതായി വരും.