ട്രൗസർ വളരെ ഇറുകിയതാണെന്ന് ആരോപിച്ച് ടാൻസാനിയൻ പാർലമെന്റിൽ നിന്നും വനിതാ എംപിയെ പുറത്താക്കി. ഭരണ പാർട്ടിയായ സിസിഎമ്മിന്റെ എംപിയായ കോണ്ടസ്റ്റർ സ്വിച്ച്വെയിലിനെയാണ് സ്വന്തം പാർട്ടിയിലെ പുരുഷന്മാരായ സഹപ്രവർത്തകരുടെ പരാതിയെ തുടർന്ന് പുറത്താക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം. ഹുസൈൻ അമീർ എന്ന സഹഎംപിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. തുടർന്ന് കോണ്ടസ്റ്ററെ പുറത്താക്കിയ സ്പീക്കർ വീട്ടിൽ പോയി മാന്യമായ വസ്ത്രം ധരിച്ച് തിരികെ വരാനും നിർദ്ദേശം നൽകി. എന്നാൽ ആ ദിവസം അവർ തിരികെ എത്തിയോ എന്ന് വ്യക്തമല്ല.

എന്നാൽ സ്പീക്കറുടെ നടപടിക്കെതിരെ വനിതാ എംപിമാർ രംഗത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. സ്വിച്ചെയിലിനോട് മാപ്പു പറയണമെന്നാണ് വനിതാ എംപിമാരുടെ ആവശ്യം. ടാൻസാനിയൻ തലസ്ഥാനമായ ഡൊഡോമയിലെ പാർലമെന്റ് ഹൗസിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം. ചർച്ച പുരോഗമിക്കുന്നതിനിടെ എഴുന്നേറ്റ് നിന്ന അമർ സ്പീക്കർ ജോബ് നഡ്‌ഗേയോട് മോഡേൺ വസ്ത്രധാരണ രീതിയുടെ ഗൈഡൻസിനെ കുറിച്ച് ചോദിച്ചു. അതിന് ശേഷം സ്വിച്ച്വെയിൽ ടി ഷർച്ചും ഇറുകിയ പാന്റുമാണ് ധരിച്ചിരിക്കുന്നതെന്നും ഇത് എല്ലാവരും കാണുന്നതിനായി സഭയുടെ മുന്നിൽ വന്ന് നിൽക്കണമെന്നനും അമർ ആവശ്യപ്പെട്ടു. സ്വിച്ച്വെയിൽ സൺഗ്ലാസ് വെച്ചതിനെയും അമർ ഹൊസൈൻ വിമർശിച്ചു.

ശേഷം സ്വിച്ച്വെയിലിന്റെ വസ്ത്രധാരണം ശ്രദ്ധിച്ച സ്പീക്കർ പുറത്ത് പോകാനും മാന്യമായി വസ്ത്രം ധരിച്ച ശേഷം തിരികെ എത്താനും ആവശ്യപ്പെടുക ആയിരുന്നു. പാർലമെന്റിലെത്തുന്ന വനിതാ എംപിമാരുടെ വസ്ത്രധാരണ രീതിയെ പറ്റി ഇതാധ്യമായല്ല ടാൻസാനിയയിൽ പ്രതിഷേധം ഉയരുന്നത്.