ടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിനായി യുഎഇ പ്രഖ്യാപിച്ച 3 മാസത്തെ ഉച്ചവിശ്രമം ഈ മാസം 15ന് ആരംഭിക്കും. ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് മധ്യാഹ്ന ഇടവേള. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്നു മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു.

ഉച്ചവിശ്രമം സെപ്റ്റംബർ 15 വരെ തുടരും. സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഉഷ്ണകാലത്തുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ജോലി സ്ഥലത്തു തന്നെ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കുക, നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഉപ്പും നാരങ്ങയും ചേർത്ത കുടിവെള്ളം ഇടയ്ക്കു നൽകുക, പ്രഥമ ശുശ്രൂഷ കിറ്റ് ജോലി സ്ഥലത്ത് ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും കമ്പനികൾക്കു നൽകിയിട്ടുണ്ട്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും അനുമതിയുണ്ട്. പുലർച്ചെ തുടങ്ങി ഉച്ചയ്ക്കു 12.30നകം തീർക്കുകയോ ചൂട് കുറഞ്ഞ സമയം നോക്കി 2 ഷിഫ്റ്റാക്കി ക്രമീകരിക്കുകയോ ചെയ്യാം.

നിയമം ലംഘിച്ച് ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്ക് ആളൊന്നിന് 5000 ദിർഹം എന്ന തോതിൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പു നൽകി. നിയമം ലംഘിക്കുന്ന കമ്പനികളെകുറിച്ച് 800 60 നമ്പറിൽ പരാതിപ്പെടണമെന്നും അഭ്യർത്ഥിച്ചു.