വാഷിംങ്ടൻ : ട്രംപ് ഭരണകൂടം അതിർത്തി സുരക്ഷയെ മുൻനിർത്തി കൊണ്ടുവന്ന റിമെയ്ൻ ഇൻ മെക്സിക്കൊ പോളിസി (REMAIN IN MEXICO POLICIY) അവസാനിപ്പിച്ചുകൊണ്ടു ബൈഡൻ ഭരണകൂടം ജൂൺ ഒന്നിന് പുറത്തിറക്കിയ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തി.

അമേരിക്കയിൽ അഭയം തേടിയെത്തുന്നവർ അവരുടെ ലീഗൽ പ്രോസസ് പൂർത്തിയാക്കുന്നതുവരെ മെക്സിക്കോയിൽ തന്നെ കഴിയണമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്.

ഇതോടെ സതേൺ ബോർഡറിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികൾക്ക് ലീഗൽ പ്രോസസിങ് പൂർത്തിയാക്കാതെ തന്നെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയാണ് ബൈഡൻ നൽകിയിരിക്കുന്നത്.

നിലവിലുള്ള നിയമം ഇല്ലാതാകുന്നതോടെ അതിർത്തി നിയന്ത്രിക്കുന്നത് ബോർഡർ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരായിരിക്കില്ലെന്നും, പകരം കാർട്ടൽ, ക്രിമിനൽസും കൊയോട്ടീസുമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും സുരക്ഷിതമായ അതിർത്തിയായിരുന്നു ബൈഡൻ അധികാരത്തിലെത്തുമ്പോൾ, എന്നാൽ ഇപ്പോൾ അതിർത്തി പ്രദേശങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയേയും അരക്ഷിതാവസ്ഥയിലുമായിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.

അമേരിക്ക ശക്തമായ ഒരു രാഷ്ട്രം ആയിരിക്കരുതെന്ന് ആഗ്രഹിക്കുന്ന ആദ്യ പ്രസിഡന്റായിരിക്കും ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രൊ മെയോർക്കസ് പുറത്തിറക്കിയ ഏഴു പേജുള്ള മെമോയിലാണ് മൈഗ്രന്റ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോൾ പ്രോഗ്രാമിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് റിമെയ്ൻ ഇൻ മെക്സിക്കോ പോളിസി പിൻവലിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.