ന്യൂഡൽഹി: 5ജി സാങ്കേതിക വിദ്യക്കെതിരെ ഹർജി നൽകിയ ബോളിവുഡ് നടി ജൂഹി ചൗള പുലിവാല് പിടിച്ചു. നിയമ സംവിധാനത്തെ പരിഹസിച്ച ജൂഹിയും കൂട്ടരും 20 ലക്ഷം രൂപ പിഴയടക്കാനാണ് കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. 5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവർത്തകരും നൽകിയ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി 20 ലക്ഷം രൂപ പിഴയടക്കാൻ വിധിക്കുക ആയിരുന്നു.

പ്രശസ്തി ലക്ഷ്യമിട്ടാണു ഹർജി നൽകിയതെന്നാണ് കോടതിയുടെ വിലയിരുത്തൽ. നിയമസംവിധാനത്തെ ഹർജിക്കാർ അപഹസിച്ചുവെന്നും വാദം കേട്ട ജസ്റ്റിസ് ജെ.ആർ. മിധ വിമർശനമുയർത്തി. 5ജി സാങ്കേതിക വിദ്യ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവാത്തതുമാണെന്നും കോടതി വ്യക്തമാക്കി.

ജൂഹി ചൗള മറ്റു ഹർജിക്കാരായ വിരീക്ഷ് മാലിക്ക്, ടീന വചാനി എന്നിവർ പിഴത്തുക ഒരാഴ്ചയ്ക്കുള്ളിൽ ഡൽഹി നിയമ സേവന അഥോറിറ്റിയിൽ അടയ്ക്കണം. ഉത്തരവു ലംഘിച്ചാൽ പണം കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാമെന്നും കോടതി നിർദേശിച്ചു.