കോട്ടയം: വെള്ളപ്പൊക്കം നിയന്ത്രിക്കാനെന്നപേരിൽ മീനച്ചിലാറ്റിൽ മേജർ ഇറിഗേഷൻ വകുപ്പ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു. ആറ്റുതീരത്തെ മരങ്ങൾ മുറിക്കുന്നതിനും മണൽ വാരി മാറ്റുന്നതിനുമെതിരേ കോട്ടയം നേച്ചർ സൊസൈറ്റി നല്കിയ കേസ് ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ദേശീയ ഹരിത ട്രിബ്യൂണൽ മദ്രാസ് ബെഞ്ചിന്റെ ഉത്തരവ്.

നിർമ്മാണങ്ങൾക്ക് മുമ്പ് ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോ, പദ്ധതി നടപ്പായാൽ ഉണ്ടാകുന്ന പരിസ്ഥിതികാഘാതം, ഡിസാസ്റ്റർ മാനേജ് മെന്റ് ആക്ട് പോലെ പരിസ്ഥിതിയുമായ ബന്ധപ്പെട്ട മുൻകാല ഉത്തരവുകളും ചട്ടങ്ങളും പാലിച്ചിട്ടുണ്ടോ എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

ഇതിനായി പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാനമന്ത്രാലയത്തിന്റെ െബംഗളൂരു മേഖല ഓഫീസിൽനിന്നുള്ള വിദഗ്ധൻ, കേരള ബയോഡൈവേഴ്‌സിറ്റി ബോർഡിലെ സസ്യശാസ്ത്രജ്ഞൻ, കേരള വനം വന്യജീവി വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർ, കോട്ടയം മേജർ ഇറിഗേഷൻ വകുപ്പിലെ എക്‌സിക്യുട്ടീവ് എൻജിനീയർ, കോട്ടയം ജില്ലാ കളക്ടർ എന്നിവർ അംഗങ്ങളായ വിദഗ്ധസമിതിയെ നിയോഗിച്ചു. ജൂൺ 29-നകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പ്രഥമദൃഷ്ട്യാ മുൻകാല ഉത്തരവുകൾ പാലിച്ചിട്ടില്ലെന്നും വെള്ളപ്പൊക്കം മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ താത്പര്യം കാണിച്ചിട്ടില്ലെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. റിപ്പോർട്ട് സമർപ്പിക്കുന്നതിനും എതിർകക്ഷികൾ ഹാജരാകുന്നതിനുമായി കേസ് 29-ന് പരിഗണിക്കും.