- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് ഫേസ്‌ബുക്ക് ഏർപ്പെടുത്തിയിരിക്കുന്നത് രണ്ടു വർഷത്തെ സസ്പെൻഷൻ; സുപ്രീം കോടതിയും ശരിവച്ചതോടെ പൊട്ടിത്തെറിച്ച് ട്രംപ്; അടുത്ത തവണ താൻ വൈറ്റ്ഹൗസിൽ എത്തുമ്പോൾ ഫേസ്‌ബുക്ക് ഉണ്ടാവില്ലെന്ന് ഭീഷണി
മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ഫേസ്‌ബുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് രണ്ടുവർഷത്തേക്ക് തുടരുമെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കി. 2023 ജനുവരി വരെയാണ് വിലക്ക്. എന്നാൽ, നിയന്ത്രണ ലംഘനങ്ങൾ തുടരുന്നത് ഒഴിവാക്കിയാൽ ഈ കാലാവധിക്ക് ശേഷം അദ്ദേഹത്തിന് ഫേസ്‌ബുക്കിൽ സജീവമാകാനാവുമെന്നും അവർ വ്യക്തമാക്കി. കാപിറ്റോൾ കലാപത്തിനു വഴിയൊരുക്കിയ പോസ്റ്റിനു മേൽ ആജീവനാന്ത വിലക്ക് പരിഗണിച്ച ഫേസ്‌ബുക്ക് ഓവർസൈറ്റ് ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
അടുത്ത തവണ താൻ വൈറ്റ്ഹൗസിൽ എത്തുമ്പോൾ മാർക്ക് സക്കർബെർഗുമൊത്ത് ഒരു അത്താഴവിരുന്നുണ്ടാവില്ലെന്ന് ഇതിനു മറുപടിയായി ട്രംപ് പ്രതികരിച്ചു. ഫേസ്‌ബുക്കിലും ട്വിറ്ററിലും വിലക്ക് നിലനിൽക്കുന്നതിനാൽ ഈമെയിൽ വഴിയാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരത്തിൽ ഒരു വിലക്കേർപ്പെടുത്താൻ ഉണ്ടായ കാര്യകാരണസഹിതമാണ് ഫേസ്‌ബുക്ക് തങ്ങളുടെ പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്. മെയ് മാസത്തിൽ, ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തെ ഫേസ്‌ബുക്കിന്റെ ഉന്നത സമിതി അംഗീകരിച്ചെങ്കിലും എക്സിക്യുട്ടീവ് മാരുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് അത് രണ്ടുവർഷമായി ചുരുക്കിയത്.
അതേസമയം, ഭാവിയിലും ട്രംപ് ഫേസ്‌ബുക്ക് നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ അത് ആജീവനാന്ത വിലക്കായി മാറുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്നുള്ളതുൾപ്പടെയുള്ള ട്രംപിന്റെ പല പരാമർശങ്ങളും അദ്ദേഹത്തിന് സമൂഹ മാധ്യമ കമ്പനികളിൽ നിന്നും മുന്നറിയിപ്പുകൾ നേടിക്കൊടുത്തിരുന്നു. എന്നാൽ, കാപിറ്റോൾ സംഭവത്തിന് പ്രചോദനം നൽകി എന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റിന്റെ പേരിലായിരുന്നു അദ്ദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
കൃത്രിമം നടന്ന തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ടുചെയ്ത 75 മില്ല്യണിലധികം വരുന്ന അമേരിക്കൻ ജനതയെ അവഹേളിക്കുന്നതാണ് ഫേസ്‌ബുക്കിന്റെ ഈ തീരുമാനം എന്നാണ് ട്രംപ് തന്റെ ഈ മൈയിൽ സന്ദേശത്തിൽ എഴുതിയിരിക്കുന്നത്. ഇത്തരത്തിൽ തന്നെ നിശബ്ദനാക്കാൻ സാധിക്കുകയില്ലെന്നും അവസാന വിജയം തനിക്കും അമേരിക്കൻ ജനതയ്ക്കും ആയിരിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അവഹേളനങ്ങൾ ഇനിയും സഹിക്കുവാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഫേസ്‌ബുക്കിനെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള പൂർണ്ണ അധികാരം ആ കമ്പനിക്കാണ് എന്ന നിലപാടാണ് വൈറ്റ്ഹൗസ് കൈക്കൊണ്ടിരിക്കുന്നത്. ഓരോ കമ്പനിക്കും അവരുടെ പ്ലാറ്റ്ഫോമുകൾ എത്തരത്തിൽ ഉപയോഗിക്കപ്പെടണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്നും ആ നയത്തിനനുസരിച്ചുള്ള തീരുമാനം അവർക്ക് എടുക്കാനാവുമെന്നും വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ മുൻ പ്രസിഡണ്ട് വിവിധ സമൂഹ മാധ്യമങ്ങളെ എങ്ങനെ ഉപയോഗിച്ചു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രണ്ടുവർഷം കൊണ്ട് സീബ്രക്ക് അതിന്റെ വരകൾമായ്ക്കാൻ ആവില്ലെന്നും പ്രസ്സ് സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്നതുൾപ്പടെയുള്ള ട്രംപിന്റെ ഓരോ പോസ്റ്റുകളും ഫേസ്‌ബുക്ക് അതീവ ഗൗരവത്തോടെയായിരുന്നു കണ്ടിരുന്നത്. നിരവധി തവണ തെറ്റിദ്ധാരണകൾ പരത്തുന്ന പോസ്റ്റുകൾ ഇട്ടതിന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഈ വർഷം ജനുവരി 7 നായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ട് തത്ക്കാലത്തേക്ക് മരവിപ്പിച്ചത്.
അന്ന് എത്രകാലത്തേക്കാണ് മരവിപ്പിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. അതായത് അതൊരു ആജീവനാന്ത വിലക്കായി കണക്കാക്കാവുന്ന വിധത്തിലുള്ള ഒന്നായിരുന്നു. അതാണ് ഇപ്പോൾ രണ്ടു വർഷമായി നിജപ്പെടുത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ