ചാത്തന്നൂർ: റബർ തോട്ടത്തിലെ കരിയിലക്കുഴിയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ച സംഭവത്തിൽ ആറു മാസം കഴിഞ്ഞിട്ടും ഇനിയും പ്രതികളെ കണ്ടെത്താനായില്ല. കൊലക്കുറ്റത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടും കുഞ്ഞിനെ ഉപേക്ഷിച്ചവർ ഇപ്പോഴും ഇരുട്ടിന്റെ മറവിൽ തുടരുകയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളുമായി അന്വേഷണം മുന്നോട്ടു പോവുകയാണ്. ക

കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായി ജില്ലയിലെയും സമീപത്തെയും ആശുപത്രികളിൽ നിന്ന് ഗർഭിണികളുടെ വിവരങ്ങൾ ശേഖരിച്ചു വിപുലമായ അന്വേഷണം നടത്തി. എട്ട് പേരുടെ ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ അയച്ചു. കോവിഡ് പ്രതിസന്ധിയിൽ പരിശോധനാ ഫലം വൈകുന്നതും കേസിനു പ്രതിസന്ധിയാണ്. പാരിപ്പള്ളി ഇൻസ്‌പെക്ടർ ടി.സതികുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ജനുവരി 5നു രാവിലെ കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിലാണ് പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്.

കരിയില കൊണ്ടു മൂടിയ നിലയിൽ കിടന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപവാസി എത്തുമ്പോൾ ഒരു തുണ്ട് തുണി പോലും ഇല്ലാത്ത പിഞ്ചുകുഞ്ഞിന്റെ ദേഹമാസകലം ഉറുമ്പു കടിയേറ്റിരുന്നു. പാരിപ്പള്ളി പൊലീസ് എത്തി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ, ശ്വാസകോശത്തിൽ കരിയിലയും മണ്ണും കണ്ടെത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ മൃതശരീരം മോർച്ചറിയിൽ ആഴ്ചകളോളം സൂക്ഷിച്ചിരുന്നു.