- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗവ്യാപനവും മരണവും ഇരട്ടിയായി; ഇന്ത്യൻ വകഭേദത്തെ നിയന്ത്രിക്കാനാവില്ല; നിയന്ത്രണങ്ങൾ മാറ്റി ബ്രിട്ടനെ കുഴപ്പത്തിലാക്കരുതെന്ന മുന്നറിയിപ്പുമായി വിദഗ്ദർ
ഇംഗ്ലണ്ടിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുവാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. കൂടുതൽ പേർക്ക് വാക്സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കുന്നതിനായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മുഴുവനുമായി നീക്കം ചെയ്യുന്നത് ജൂലായ് 5 ലേക്ക് നീട്ടിയതായി ചില സർക്കാർ വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. രണ്ടാഴ്‌ച്ച സമയം നീട്ടി കിട്ടുകയാണെങ്കിൽ, നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കുമ്പോഴേക്കും 50 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചിരിക്കും.
ലോക്ക്ഡൗണിൽ ഇളവുകൾ നൽകുന്നത് രണ്ടാഴ്‌ച്ചക്കാലത്തേക്ക് നീട്ടാനും, മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിനു ശേഷവും തുടരാനുമായി ചില രഹസ്യ നടപടികൾ രൂപം കൊള്ളൂന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നതിനു പുറകെയാണ് ഈ സൂചനകൾ ഇപ്പോൾ പുറത്തുവരുന്നത്. ശനിയാഴ്‌ച്ച രോഗവ്യാപനതോതിൽ 70 ശതമാനത്തിന്റെവർദ്ധനവ് ദൃശ്യമായതിനെ തുടർന്ന്, മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ ലോക്ക്ഡൗൺ പിൻവലിക്കലുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് സർക്കാർ ശാസ്ത്രോപദേശക സമിതിയിലെ ഒരംഗം ഇന്നലെ പറഞ്ഞിരുന്നു.
ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കുന്നതിനുള്ള നാല് മാനദണ്ഡങ്ങളിൽ ഒന്നായ ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം വിചാരിച്ച രീതിയിൽ തടയാനായിട്ടില്ലെന്ന് പ്രോഫസർ സ്റ്റീഫർ റീച്ചർ ചൂണ്ടിക്കാണിച്ചിരുന്നു.ഇന്ത്യയിൽ രൂപപ്പെട്ട ഡെൽറ്റ എന്ന ഈ വകഭേദത്തിന്റെ വ്യാപനം ക്രമാതീതമായതോടെ ജൂൺ 21 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചാലും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിലനിന്നേന്നുക്കുമെന്ന അഭ്യുഹവും പടർന്നിരുന്നു. മാർച്ച് മസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് വ്യാപനതോത് കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്നലെ അതിൽ ഒരു ചെറിയ കുറവ് വന്നിരുന്നെങ്കിലും കഴിഞ്ഞ ശനിയാഴ്‌ച്ചയുമായി ബന്ധപ്പെടുമ്പോൾ 70 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂൺ 21 ന് തന്നെ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും എടുത്തുകളയണമോ എന്ന കാര്യം സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് സർക്കാർ വക്താവ് അറിയിച്ചത്. നിലവിൽ ലോക്ക്ഡൗൺ പിൻവലിക്കൽ നീട്ടേണ്ട സാഹചര്യമില്ലെന്നും, കൂടുതൽ കണക്കുകൾ ലഭ്യമായതിനുശേഷം മാത്രമേ അത് തീരുമാനിക്കാൻ കഴിയൂ എന്നുമാണ് കഴിഞ്ഞദിവസം ബോറിസ് ജോൺസൺ പറഞ്ഞത്. അതേസമയം, ഡെൽറ്റ വകഭേദം വ്യാപകമാകാൻ തുടങ്ങിയതോടെ റീഡിങ് ആൻഡ് വോക്കിങ്ഹാം ഏരിയയിലെ ചില പോസ്റ്റ്കോഡ് പ്രദേശങ്ങളിൽ 12 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരേയും പി സി ആർ ടെസ്റ്റിന് വിധേയരാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മറുഭാഗത്ത് വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ പുരോഗമിക്കുന്നുണ്ട് എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. ഇന്നലെ ബ്രിട്ടനിലാകമാനം 1,74,535 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകി. 3,60,691 പേർക്ക് വാക്സിന്റെ രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ പ്രായപൂർത്തിയായ പൗരന്മാരിൽ 51 ശതമാനത്തിലധികം പേർക്ക് വാസ്‌കിന്റെ രണ്ടു ഡോസും ലഭ്യമായിക്കഴിഞ്ഞു.