തിരുവനന്തപുരം: ഫോൺ ഇൻ പരിപാടിയിലൂടെ ജനങ്ങളുമായി നേരിട്ട് സംവധിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ പരിപാടിയിലാണ് ഒരു റോഡ് റോളർ റോഡിൽ ഇടങ്ങേറായി കിടക്കുന്നുവെന്ന് നാട്ടുകാരൻ പരാതിപ്പെട്ടത്.നാട്ടുകാർക്ക് വഴിമുടക്കിയായ യന്ത്രത്തെ പറ്റി പരാതി വന്നപ്പോൾ മന്ത്രി ഉടനടി നടപടി എടുക്കുകയും ചെയ്തു. മന്ത്രിയുടെ ഒറ്റ ഫോൺ വിളിയിൽ റോഡ് റോളർ 24 മണിക്കൂർ തികയും മുൻപ് തെറിച്ചു. മന്ത്രിയുടെ ഫോൺ വിളിയും ഒപ്പംതന്നെ റോഡിൽ കാടുപിടിച്ചു കഴിയുന്ന വലിയ യന്ത്രം മാറ്റുന്നതിന്റെയും വിഡിയോ വൈറലാകുകയും ചെയ്തു.

തൃശൂർ ഇരിങ്ങാലക്കുട മണ്ഡലം കാട്ടൂർ പഞ്ചായത്തിലെ നെടുമ്പറയിലെ സുമിത്രനാണ് ഫോണിൽ വിളിച്ച് മന്ത്രിയോട് പരാതി പറഞ്ഞത്. പഞ്ചായത്ത് ഒന്നാം വാർഡിൽ താണിശേരി കാരാഞ്ചിറ റോഡിൽ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചുപോയ ഒരു വലിയ ടാർ മിക്‌സിങ് യൂണിറ്റാണ് അപകടാവസ്ഥയിൽ കിടന്നത്. റോഡിലെ വളവിലാണ് ഇത് ഉപേക്ഷിച്ചിരുന്നത്. പരാതി പറഞ്ഞ സുമിത്രന്റെ ഫോൺ ഹോൾഡ് ചെയ്തുകൊണ്ടുതന്നെ മന്ത്രി റിയാസ് ആ പ്രദേശത്തിന്റെ ചുമതലയുള്ള പിഡബ്ല്യുഡി എൻജിനീയറെ ഫോണിൽ വിളിച്ചു. 'എന്താണ് ഒരു റോഡ് റോളർ അവിടെ ഉപേക്ഷിച്ചിട്ടിരിക്കുന്നു എന്നു പരാതിയുണ്ടല്ലോ... കാര്യം മനസിലായ ഉദ്യോഗസ്ഥനും സംഗതി സമ്മതിച്ചു. 'നാളെ വൈകുന്നേരം ഞാൻ വിളിക്കും അതിനു മുൻപ് അത് അവിടെനിന്നു മാറ്റിയിരിക്കണ'മെന്ന് മന്ത്രി നിർദേശിക്കുകയും ചെയ്തു.

മന്ത്രിയുടെ ഫോൺവിളി വന്നയുടൻ നടപടിയായി. പിറ്റേദിവസം രാവിലെത്തന്നെ ഉദ്യോഗസ്ഥരെത്തി അത് ലോറിയിൽ കെട്ടിവലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും അടങ്ങുന്നതാണ് വിഡിയോ. കോഴിക്കോട് നടക്കാവ് സൽക്കാര ഹോട്ടലിനടുത്ത് ബസ് സ്റ്റോപ്പ് ഉള്ളതിനാൽ ഡ്രെയിനേജ് ജോലികൾ നിലച്ചുപോയിയെന്ന് നടക്കാവ്‌നിന്ന് അഞ്ജിത്ത് വിളിച്ചു പരാതി പറഞ്ഞു. മന്ത്രി കോർപറേഷനിലേക്കും വിളിച്ചു. നടക്കാവ് ക്രോസ് റോഡിലെ ബസ് ഷെൽട്ടർ ഇന്നു രാവിലെ പൊളിച്ചു തുടങ്ങി. ഡ്രെയിനേജ് പണിക്കുള്ള തടസ്സവും മാറി. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ജനങ്ങളുമായുള്ള ഫോൺഇൻ പരിപാടിയും തൽസമയം ആക്ഷനും വകുപ്പിൽ ഉണ്ടാകുന്ന നടപടികളുമാണിപ്പോൾ ചർച്ച. പരിപാടി ഫലം കണ്ടു തുടങ്ങിയതോടെ ജനങ്ങളുടെ അഭിപ്രായം കേൾക്കാനും നടപടിയെടുക്കുന്നതിനും മന്ത്രി എല്ലാ ആഴ്ചയിലും ഒരു ദിവസം ഫോണിലൂടെ ജനങ്ങളുടെ സംവദിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

പൊളിച്ചു മാറ്റിയത് മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
മന്ത്രി പി.എ.മുഹമ്മദ് റിയാസിനു ലഭിച്ച ഒരൊറ്റ ഫോൺ കോളിൽ പൊളിച്ചു മാറ്റിയത് മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ . നടക്കാവ് ക്രോസ് റോഡിൽ ഓട നിർമ്മാണത്തിനു തടസ്സമായി നിന്ന 3 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് പൊളിച്ചു നീക്കിയത്. പരസ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ വ്യക്തി ഇവിടെ 3 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാപിച്ചത്.

ഓട നവീകരണത്തിനു തടസ്സമാകുന്നതിനാൽ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് മരാമത്ത് വിഭാഗം കോർപറേഷനെ അറിയിച്ചിരുന്നു. എന്നാൽ ബസ് സ്റ്റോപ്പ് നിർമ്മാണത്തിനു അനുമതി നൽകിയിട്ടില്ലെന്നും പരസ്യം സ്ഥാപിക്കാനാണ് അനുമതി കൊടുത്തതെന്നുമുള്ള തരത്തിൽ നടപടികൾ മുന്നോട്ടു നീങ്ങുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു യോഗത്തിൽ മരാമത്ത് ഉദ്യോഗസ്ഥർ കോർപറേഷനെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മരാമത്ത് വിഭാഗം നൽകിയ അപേക്ഷ കാണുന്നില്ലെന്നുമായിരുന്നു കോർപറേഷൻ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചത്.

മെയ്‌ ആദ്യവാരമാണ് ഓട നവീകരണം തുടങ്ങിയത്. ആദ്യം വയനാട് റോഡ് ഭാഗത്തു നിന്ന് പ്രവൃത്തി തുടങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തട്ടി അതു മേലെ ഭാഗത്തു നിന്ന് തുടങ്ങി. മെയ്‌ പകുതിയായപ്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു അടുത്തെത്തി പ്രവൃത്തി പാതിവഴിയിൽ നിന്നിരുന്നു. ഓട നവീകരിക്കണമെങ്കിൽ ബസ് സ്റ്റോപ്പ് പൊളിക്കണമെന്നായി. എന്നാൽ അതു ആരു ചെയ്യും ആരു പറയും എന്നിങ്ങനെ കാര്യങ്ങൾ നീണ്ടുപോകുകയായിരുന്നു. കാര്യങ്ങൾ ഇങ്ങനെ പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മരാമത്ത് മന്ത്രിയുടെ ഫോൺ ഇൻ പോഗ്രാമിൽ നടക്കാവ് സ്വദേശി അഞ്ജിത്ത് പ്രശ്‌നം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തിയത്.