കൊല്ലം: കാറിൽ ചാരായം കടത്താൻ ശ്രമിച്ചതു തടഞ്ഞ എസ്‌ഐയെ മർദിച്ചു രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. ഒരാൾ കടന്നുകളഞ്ഞു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 3.15ന് വെളിയം ജംക്ഷനിലാണു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ പൂയപ്പള്ളി എസ്‌ഐ ടി.വി.സന്തോഷ്‌കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു വെളിയം, ആരൂർക്കോണം കീർത്തനയിൽ ബിനു (39), ആരൂർക്കോണം കാഞ്ഞിയിൽ പുത്തൻവീട്ടിൽ മനുകുമാർ (40), ആരൂർക്കോണം സുമേഷ് മന്ദിരത്തിൽ മോനിഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെളിയം ജംക്ഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐ സന്തോഷ്‌കുമാറും ഹോം ഗാർഡ് പ്രദീപും കാർ തടഞ്ഞു നടത്തിയ പരിശോധനയിൽ 4 പ്ലാസ്റ്റിക് കുപ്പികളിലായി 3.5 ലീറ്റർ വ്യാജ ചാരായം പിടികൂടി. തുടർന്നു സംഘം എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. പൂയപ്പള്ളി എസ്‌ഐ ഗോപി ചന്ദ്രന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി 3 പ്രതികളെയും കാറും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ കേസെടുത്തു.