- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂൺ 21 ന് ശേഷവും മാസ്‌ക് ധരിക്കേണ്ടി വരുമെന്ന അഭ്യുഹം തള്ളാതെ ഹെൽത്ത് സെക്രട്ടറി; ആവശ്യമെങ്കിൽ ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നത് നീട്ടിയേക്കും; പ്രതിഷേധവുമായി ഭരണകക്ഷി എം പിമാർ; ബ്രിട്ടനിലെ പുതിയ കോവിഡ് വിശേഷങ്ങൾ

നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ ലോക്ക്ഡൗൺ പൂർണ്ണമായും നീക്കം ചെയ്യുന്നത് നീട്ടുന്നതിനെ താൻ അനുകൂലിക്കുന്നു എന്ന് പ്രഖ്യാപിച്ച, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനെതിരെ ടോറി എം പിമാർ തന്നെ രംഗത്തെത്തി. ജൂൺ 21 ന് മാസ്‌ക് ധരിക്കലും, സാമൂഹിക അകലം പാലിക്കലും ഉൾപ്പടെയുള്ള എല്ലാ ചട്ടങ്ങളും എടുത്തുകളഞ്ഞ്, ലോക്ക്ഡൗൺ പൂർണ്ണമായും നീക്കം ചെയ്യുമെന്നായിരുന്നു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഈ തീയതിക്ക് ശേഷവും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കിയേക്കും എന്നായിരുന്നു ഹെൽത്ത് സെക്രട്ടറി നൽകിയ സൂചനകൾ. മാത്രമല്ല, പരമാവധി മേഖലകളിൽ വർക്ക് ഫ്രം ഹോം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
എന്നാൽ, അതിവേഗതയിൽ മുന്നോട്ടുപോകുന്ന വാക്സിൻ പദ്ധതിയുടെ വിജയം നൽകിയ നേട്ടങ്ങൾ വ്യർത്ഥമാക്കുകയാണ് സർക്കാർ എന്നാണ് ഭരണകക്ഷി എം പിയായ സർ ഡെസ്മണ്ട് സ്വേയ്ൻ പറഞ്ഞത്. ലോക്ക്ഡൗണിന്റെ പ്രധാന ലക്ഷ്യം, രോഗികളുടെ എണ്ണം അമിതമായി വർദ്ധിച്ച് എൻ എച്ച് എസ് സിസ്റ്റെം താറുമാറാകരുത് എന്നതായിരുന്നു. ആ ലക്ഷ്യം കൈവരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സതേടി ആശുപത്രിയിൽ എത്തുന്നവരിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാത്തവരാണെന്ന് ആരോഗ്യ സെക്രട്ടറി തന്നെ പറഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയും നേട്ടം കൈവരിക്കാൻ ആയിട്ടും ലോക്ക്ഡൗൺ പൂർണ്ണമായും നീക്കം ചെയ്തില്ലെങ്കിൽ അത് മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാത്രമല്ല, സാമ്പത്തികസ്ഥിതി ഇനിയും തകർന്നാൽ, ഒരുപക്ഷെ ഒരു വൻദുരന്തത്തിലായിരിക്കുംഅത് അവസാനിക്കുക എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻ കാബിനറ്റ് മന്ത്രിതെരേസ വില്ലിയേഴ്സും എത്രയും പെട്ടെന്ന് ഇളവുകൾ പൂർണ്ണമായും നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
മറ്റൊരു ഭരണകക്ഷി എം പിയായ സർ ജെഫ്രി ക്ലിഫ്ടൺ ബ്രൗണും ലോക്ക്ഡൗൺ പിൻവലിക്കുന്നത് നീട്ടാൻ സമ്മതമാണെന്ന മാറ്റ് ഹാൻകോക്കിന്റെ പ്രസ്താവനക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു അനിശ്ചിതാവസ്ഥ നീട്ടിക്കൊണ്ടുപോകുന്നത് സാമ്പത്തിക രംഗത്തിന് നല്ലതല്ലെന്ന അഭിപ്രായവും പുറത്തുവരുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ജൂൺ 21 ന് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കണം എന്നാണ് ഭൂരിഭാഗം ഭരണകക്ഷി എം പിമാരും ആവശ്യപ്പെടുന്നത്. എന്നാൽ അവർ എല്ലാവരും പരസ്യമായി രംഗത്ത് വന്നിട്ടില്ല എന്നുമാത്രം.
അതേസമയം, ജൂൺ 21 ന് ശേഷവും ചില നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ നടപ്പാക്കുന്നതിന് പിന്തുണ നൽകുമെന്ന് ലേബർ പാർട്ടി അറിയിച്ചിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയവ ജനങ്ങളുടെ രക്ഷക്ക് അത്യാവശ്യമാണെന്ന് കരുതുന്ന പക്ഷം ജൂൺ 21 ന് ശേഷവും അതുമായി ബന്ധപ്പെട്ട നിയമങ്ങൾ തുടരുന്നതിനെ പിന്തുണയ്ക്കുന്നു എന്നും അവർ പറഞ്ഞു. രോഗവ്യാപന തോത് വർദ്ധിക്കുകയും പുതിയ ഇനം കൊറോണ വൈറസുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുന്നത് ഏറെ ശ്രദ്ധിച്ചുവേണം എന്നാണ് ലേബർ പാർട്ടിയുടെ നിലപാട്.

