കോവിഡ് വാക്സിനെതിരെ ദുഷ്പ്രചരണങ്ങളുമായി എത്തുന്നവർക്ക് സംശയത്തിനിടനൽകാത്ത രീതിയിലുള്ള നല്ല മറുപടി നൽകുകയാണ് ബ്രിട്ടൻ കണക്കുകളിലൂടെ. ബ്രിട്ടനിൽ വാക്സിൻ പദ്ധതി അതിവേഗം പുരോഗമിക്കുകയും, പ്രായപൂർത്തിയായവരിൽ പകുതിയിലേറെ പേർക്ക് വാക്സിന്റെ രണ്ടു ഡോസും ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഇപ്പോൾ കോവിഡ് ഗുരുതരമായി ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരിൽ ഏറിയ പങ്കും വാക്സിനേഷൻ ഏടുക്കാത്തവരാണെന്ന കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊറോണയുടെ ചങ്ങല പൊട്ടിക്കാൻ വാക്സിന് സാധിച്ചു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നാണ് എൻ എച്ച് എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യുട്ടീവ് ക്രിസ് ഹോപ്സൺ പറയുന്നത്.

കഴിഞ്ഞകാല തരംഗങ്ങളെ അപേക്ഷിച്ച്, രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ കോവിഡ് ഹോട്ട്സ്പോട്ടായസ്ഥലങ്ങളിൽ പോലും ആശുപത്രികളിൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. അതായത്, രോഗവ്യാപന തോതിൽ വർദ്ധനവ് ഉണ്ടാകുമ്പോഴും അതിനനുസരിച്ച് ആശുപത്രികളിൽ തിരക്ക് വർദ്ധിക്കുന്നില്ല എന്നർത്ഥം. ഇത് വ്യക്തമാക്കുന്നത് വാക്സിന്റെ ഫലസിദ്ധിയെ തന്നെയാണ് കാരണം, ആശുപത്രികളിൽ എത്തുന്നവരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നു.

കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെടുത്തി പൊതുവായ മൂന്നു കാര്യങ്ങളാണ് എല്ലായിടത്തെ എൻ എച്ച് എസ് ട്രസ്റ്റുകളിൽനിന്നും ലഭിക്കുന്നത് എന്ന് ഹോപ്സൺ പറയുന്നു. ഒന്ന്, കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടേ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണ്. രണ്ട് ആശുപത്രിയിൽ എത്തുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും, തീവ്ര പരിചരണം അത്രയ്ക്ക് ആവശ്യമില്ലാത്ത നിലയിൽ ഉള്ളവരും ആണ്. മൂന്ന് വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിൽ കോവിഡ് രോഗികളുടെ എണ്ണം വളരെ തുച്ഛമാണ്. ഈ മൂന്നു കാര്യങ്ങളും അടിവരയിടുന്നത് വാക്സിന്റെ ഫലസിദ്ധിയെത്തന്നെയാണെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു.

ഇതിനെല്ലാം പുറമേ, വാക്സിൻ പദ്ധതി പുരോഗമിക്കുന്നതിനൊപ്പം ഹോട്ട്സ്പോട്ടുകളിൽ പോലും സാമൂഹിക വ്യാപനം കുറയുന്നതായുള്ള പഠന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നിരുന്നാൽ കൂടി, ഇപ്പോഴും എൻ എച്ച് എസിനു മേൽ സമ്മർദ്ദം ഏറെയുണ്ടെന്നും ഹോപ്സൺ പറയുന്നു. എന്നാൽ, അതുകൊണ്ട് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നത് വൈകിപ്പിക്കണം എന്ന് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വകഭേദം ബാധിച്ചവരിലാണ് ആശുപത്രി പ്രവേശനം അധികമായുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്‌ച്ചയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 932 കോവിഡ് രോഗികൾ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്നാണ്. ജനുവരിയിൽ ഇത് 40,000 വരെ ഉണ്ടായിരുന്നു.

വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ മുന്നേറുമ്പോൾ വരുന്ന ആഗസ്റ്റിനു മുൻപായി 12 വയസ്സിൽ താഴെയുള്ളവർക്കും വാക്സിൻ ലഭ്യമാക്കുവാൻ ശ്രമിക്കുകയാണ് സർക്കാർ. ഇതുമായി എങ്ങനെ മുന്നോട്ട് പോകണമെന്നതിനെ കുറിച്ച് വരുന്ന ആഴ്‌ച്ച ഉപദേശക സമിതി നിർദ്ദേശം സമർപ്പിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ ഈ നിർദ്ദേശം സ്വീകരിക്കുകയാണെങ്കിൽ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വരുന്ന വേനലവധിക്ക് മുൻപായി വാക്സിൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

12 മുതൽ 16 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുവാൻ കഴിഞ്ഞയാഴ്‌ച്ച യു കെയുടെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി അനുമതി നൽകിയിരുന്നു.