- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷത്തെ കാത്തിരിപ്പിനും രണ്ടുതവണത്തെ മാറ്റിവയ്ക്കലിനും ഒടുവിൽ ജിബിൻ ജോർജും സ്നേഹയും വിവാഹിതരായി; കോവിഡ് ചതിച്ചപ്പോൾ അറബ് നാട്ടിൽ നടന്ന കല്ല്യാണത്തിന് നാട്ടിലിരുന്ന് സാക്ഷിയായി മാതാപിതാക്കളും
റാസൽഖൈമ: രണ്ട് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ജിബിൻ ജോർജും ഡോക്ടർ സ്‌നേഹാ മിറിയവും വിവാഹിതരായി. കോവിഡ് ചതിച്ചപ്പോൾ നാട്ടിലെത്താൻ കഴിയാത്തതിനാൽ അറബ് നാട്ടിൽ തന്നെയായിരുന്നു ഇരുവരുടേയും വിവാഹം. റാസൽഖൈമയിൽ ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ചാണ് ജിബിൻ സ്‌നേഹയെ മിന്നുകെട്ടി സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം വിവാഹം മാറ്റിവെച്ചതിനാലാണ് അറബ് നാട്ടിൽ ഇരുവർക്കും കല്ല്യാണ പന്തൽ ഒരുങ്ങിയത്.
എന്നാൽ ജിബിന്റെ വിവാഹത്തിന് സാക്ഷിയാവാൻ മാതാപിതാക്കൾക്കും ഏക സഹോദരനും കഴിഞ്ഞില്ല. കൊല്ലം തങ്കശ്ശേരിയിലെ വീട്ടിലിരുന്നു അവർ ഓൺലൈനായാണ് വിവാഹത്തിന് സാക്ഷിയായത്.. കോവിഡ് യാത്രാവിലക്ക് കാരണം ഇവർക്ക് ദുബായിലേക്ക് എത്താൻ കഴിഞ്ഞില്ല. ദുബായിൽ മുൻപ് സ്റ്റുഡിയോ നടത്തിയിരുന്ന കൊല്ലം സ്വദേശി ജോർജ് വർഗീസിന്റെയും ജയിനമ്മയുടെ മൂത്ത മകനായ ജിബിൻ ജോർജ് ഖത്തറിൽ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസിൽ ഉദ്യോഗസ്ഥനാണ്.
എടത്വ മൂന്നു തൈക്കൽ പരേതനായ ഏബ്രഹാമിന്റെയും മിനിയുടെയും മകൾ സ്‌നേഹ അൽഐനിൽ തമാം ഹോസ്പിറ്റലിൽ ഡോക്ടർ. ഇതിനൊപ്പം എംഡിക്ക് പഠിക്കുകയും ചെയ്യുന്നു. ഇരുവരുടെയും വിവാഹം 2019 ജൂണിൽ നടത്താനാണ് ആദ്യം നിശ്ചയിച്ചത്. പഠനത്തിന്റെയും പരീക്ഷയുടെയും പ്രശ്‌നങ്ങൾ കാരണം അടുത്തവർഷം ജൂലൈയിലേക്ക് അത് മാറ്റി. എന്നാൽ കോവിഡ് എല്ലാം തകിടം മറിച്ചു. ഇതിനിടെ സ്റ്റുഡിയോ എല്ലാം മതിയാക്കി നാട്ടിലേക്കു പോയ ജോർജും ഭാര്യയും ലോക്ഡൗണിലും കുടുങ്ങി.
ഖത്തറിലേക്കും യാത്രാവിലക്ക് ആയതോടെ മാതാപിതാക്കളെയോ സഹോദരനെയോ അങ്ങോട്ടേയ്ക്ക് കൊണ്ടുപോയി വിവാഹം നടത്താനുള്ള സാധ്യതയും ഇല്ലാതായി. എംഡി പഠനത്തിന്റെ പരീക്ഷയും മറ്റും ഉള്ളതിനാൽ ഇനിയും വിവാഹം നീട്ടുന്നത് സ്‌നേഹയ്ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടാണ് ജിബിൻ യുഎഇയിലേക്ക് എത്തി വിവാഹം നടത്താം എന്ന് ഉറപ്പിച്ചത്.
ജോർജിന്റെയും ജയിനമ്മയുടെയും ദുബായിലുള്ള ഏതാനും ബന്ധുക്കളും വിവാഹത്തിന് സാക്ഷികളായി. നേരിട്ട് എത്താൻ കഴിയാത്തതിൽ വിഷമമുണ്ടെങ്കിലും കോവിഡ് കാലത്ത് രണ്ടു വർഷമായി മാറ്റിവച്ച മകന്റെ വിവാഹം ഇങ്ങനെ നടന്നല്ലോ എന്ന ആശ്വാസത്തിലാണ് ജോർജും ഭാര്യയും.