ഷ്ടകാലം വരുന്ന വഴിയേതെന്നറിയില്ലെന്നാണ് പഴമൊഴി. പ്യൂരെട്ടോ എസ്‌കോഡിഡോയിൽ നിന്നും ഏകദേശം 10 മൈൽ അകലെയുൾൽ ഒരു കായലിൽ നീന്തിത്തുടിക്കുകയായിരുന്ന യുവതിക്ക് സംഭവിച്ച ദുരന്തവും തീർത്തും അപ്രതീക്ഷിതമായിരുന്നു. കായലിൽ രാത്രി നീന്താനിറങ്ങിയ മെലിസ്സ ലോറി എന്ന 28 കാരിയെ ഒരു മുതല കടിച്ചെടുക്കുകയായിരുന്നു. എന്നാൽ മെലിസ്സയുടെ ഇരട്ട സഹോദരി ജോർജിയയുടെ മനസ്സാന്നിദ്ധ്യവും ധൈര്യവും മെലീസയുടെ രക്ഷക്കെത്തുകയായിരുന്നു.

ബ്രിട്ടീഷ് സ്വദേശികളായ ഇരട്ടസഹോദരിമാർ ഒഴിവുകാലം ആഘോഷിക്കുന്നതിനായിട്ടായിരുന്നു ഇവിടെ എത്തിയത്. രാത്രി കായലിൽ നീന്തിത്തുടിക്കുന്നതിനിടയിൽ സഹോദരിയെ കാണാതായതോടെ ജോർജിയ കായലിനടിയിലേക്ക് ഊളിയിട്ട് തിരച്ചിൽ തുടങ്ങി. കുറച്ചു നേരം തിരഞ്ഞപ്പോൾ വെള്ളത്തിന് മുകളിൽ കമഴ്ന്നു കിടക്കുന്ന രീതിയിൽ മെലീസയെ കാണാനായി. അവരുടെ കൈ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടയിൽ മുതൽ വീണ്ടും ആക്രമിക്കുകയായിരുന്നു.

ധൈര്യം ചോർന്നുപോകാതെ ജോർജ്ജിയ മുതലയുമായി മൽപ്പിടുത്തം നടത്തി. മുതല പിൻവാങ്ങുന്നതുവരെ ജോർജ്ജിയ തന്റെ യുദ്ധം തുടർന്നു. ബെർക്ക്ഷയറിലെ സാൻഡ്ഹസ്റ്റിലുള്ള ഇവരുടെ അമ്മ അറിയിച്ചത് സഹോദരിമാർ ഇരുവർക്കും മുതലയുടെ കടിമൂലം ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ്. മെലീസ ഏകദേശം മുങ്ങിമരണത്തിന്റെ വക്കിൽ എത്തിയിരുന്നു എന്നും അവർ പറഞ്ഞു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മെലീസയ്ക്ക് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ലെന്നും അമ്മ സ്യു ലോറി അറിയിച്ചു.

ആദ്യം മെലീസയെ ആക്രമിച്ച മുതൽ അവരെ കടിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടയിൽ ഇവരുടെ ശ്വാസകോശത്തിൽ ജലം പ്രവേശിപ്പിച്ചത് കാര്യങ്ങൾ ഗുരുതരമാക്കി. ആശുപത്രിയിൽ വച്ച് ഇവർ ചോര ശർദ്ധിച്ചതായി ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചു എന്നും സ്യു ലോറി പറഞ്ഞു. ഇപ്പോൾ അവരെ മരുന്നു നൽകി മയക്കി കിടത്തിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

മെക്സിക്കോയിൽ ഒഴിവുകാലയാത്രയ്ക്കെത്തിയ സഹോദരിമാർ ജൈവവൈവിധ്യങ്ങളുടെ കലവറ എന്നറിയപ്പെടുന്ന മനിയാൽടെപെക് കായലിൽ രാത്രി നീന്താൻ ഇറങ്ങിയതായിരുന്നു. ശാന്തസമുദ്രത്തിലെ ഉപ്പുവെള്ളവുംമനിയൽടെപെക് നദിയിലെ ശുദ്ധജലവും കൂടിക്കലർന്നതാണ് ഈ കായലിലെ ജലം. ഇതിനൊപ്പം കായലിന്റെ തന്നെ ഭൂഗർഗസ്രോതസ്സുകളിൽ നിന്നുള്ള ജലവും ഉണ്ട്. രാത്രിയിൽ ഈ വെള്ളത്തിനുണ്ടാകുന്ന തിളക്കമണ് വിനോദസഞ്ചാരികളെ ഇവിടെ രാത്രി നീന്തിത്തുടിക്കാൻ ആകർഷിക്കുന്നത്. അതേസമയം, കായലിൽ മുതലയുണ്ട് എന്ന മുന്നറിയിപ്പ് അവിടെ എഴുതിവച്ചിട്ടുമുണ്ട്.

മുന്നറിയിപ്പിനെ വകവയ്ക്കാതെ ഈ സഹോദരിമാരുടെ ടൂർ ഓപ്പറേറ്റിങ് കമ്പനി പ്രതിനിധിയാണ് ഇവരെ കായലിൽ നീന്താൻ പ്രേരിപ്പിച്ചതെന്ന് ഇവരുടെ പിതാവ് ആരോപിക്കുന്നു. വെറുതെ ഒരു മുന്നറിയിപ്പ് മാത്രമാണെന്നും അതിൽ മുതലകൾ ഇല്ലെന്നും അയാൾ പറഞ്ഞതായും ആരോപണമുയർന്നിട്ടുണ്ട്. നീന്താനിറങ്ങുന്നതിനു മുൻപ് സുരക്ഷയെക്കുറിച്ച് തന്റെ മക്കൾ ആശങ്കപ്പെട്ടിരുന്നതായും, ടൂർ കമ്പനി പ്രതിനിധിയുടെ വാക്കുകൾ വിശ്വസിച്ച് അവർ നീന്താനിറങ്ങുകയായിരുന്നു എന്നും ബിസിനസ്സ് കൺസൾട്ടന്റ് കൂടിയായ ഇവരുടെ പിതാവ് ആരോപിച്ചു.