വംശീയവിദ്വേഷം കൊണ്ടുനടക്കുന്നവരെന്ന് ആരോപിച്ചു, മക്കളെ നല്ലരീതിയിൽ വളർത്താത്തവളെന്ന് പരോക്ഷമായി സൂചിപ്പിക്കപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും എലിസബത്ത് രാജ്ഞിയിലെ മുത്തശ്ശിക്ക് തന്റെ പേരക്കിടാവിനോട് പിണങ്ങാൻ ആകുന്നില്ല. അടുത്തമാസം ഡയാനാ രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ഹാരിക്ക്, സഹോദരൻ വില്യമിനൊപ്പം വിൻഡ്സർ കോട്ടയിൽ വിരുന്നൊരുക്കുകയാണ് മുത്തശ്ശി. എത്ര വലിയ സ്ഥാനങ്ങളിൽ ഇരുന്നാലും, ആരൊക്കെയായി തീർന്നാലുംമുത്തശ്ശിക്കെന്നും ഇഷ്ടം കൊച്ചുമക്കളുടെ മുൻപിൽ തോൽക്കുന്നതായിരിക്കും എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു.

തങ്ങളുടെ രണ്ടാമത്തെ മകൾക്ക് രാജ്ഞിയുടെ വിളിപ്പേരായ ലിലിബെറ്റ് എന്ന പേര് നൽകിയത് രാജ്ഞിയെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട് എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. എന്നാൽ, അതല്ല ഇങ്ങനെയൊരു ക്ഷണത്തിന് കാരണമെന്നും അവർ വ്യക്തമാക്കുന്നു. ഈ കുഞ്ഞ് ജനിക്കുന്നതിനു മുൻപേ ഇത്തരമൊരുന്നു വിരുന്നിന് പദ്ധതിയിടുകയും ഹാരിയേയും വില്യമിനേയും ക്ഷണിക്കുകയും ചെയ്തതായി രാജ്ഞിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കൊട്ടാരം വിട്ടിറങ്ങിയതിനുശേഷം ഇതാദ്യമായിട്ടായിരിക്കും ഹാരി തന്റെ മുത്തശ്ശിയുമായി ഹൃദയം തുറന്ന് സംസാരിക്കുവാൻ പോകുന്നത്. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങിൽ എത്തിയ ഹാരിക്ക് പക്ഷെ രാജ്ഞിക്കൊപ്പം അധികനേരം ചെലവഴിക്കാനായില്ല. ഇത്തവണയും മേഗൻ ബ്രിട്ടനിലേക്കുണ്ടാവില്ല എന്നാണ് അറിയാൻ കഴിയുന്നത്. കുഞ്ഞുങ്ങളുമൊത്ത് അവർ കാലിഫോർണിയയിലെ തങ്ങളുടേ വസതിയിൽ തന്നെ കഴിയും.

ഹാരിയുടെയും മേഗന്റെയും പ്രശ്നങ്ങൾ മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയത്ത് രാജ്ജ്ഞി വില്യമിനേയും ഹാരിയേയും വിരുന്നൊരുക്കി വിളിച്ചിരുന്നു. ഇവരുടെ പിതാവ് ചാൾസ് രാജകുമാരൻ കൂടി ഉൾപ്പെട്ട അന്ന് യഥാർത്ഥത്തിൽ രാജകുടുംബാംഗങ്ങളുടെ ഒരു ഉച്ചകോടി സമ്മേളനമായിരുന്നു നടന്നത്. അതിലെ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു കടമകളും കർത്തവ്യങ്ങളും ഉപേക്ഷിച്ച് ഹാരിയും മേഗനും അമേരിക്കയിലേക്ക് പറന്നത്.

വിവാദ അഭിമുഖത്തിലൂടെയായാലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റായാലും, ഹാരിയുടെയും മേഗന്റെയും വാക്കുകൾ രാജ്ഞിയെ ഏറെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നും അവരോട് രാജ്ഞിക്ക് ദേഷ്യമില്ല. കഴിഞ്ഞ ദിവസം കൂടി അവരെ രാജ്ഞി വിശേഷിപ്പിച്ചത് തനിക്ക് എത്രയും പ്രിയപ്പെട്ട കുട്ടികൾ എന്നായിരുന്നു. ഏതായാലും ഇത്തവണ മുത്തശ്ശിയുമായി ഏറെ നേരം സ്വകാര്യ സംഭാഷണം നടത്താൻ അവസരം ലഭിക്കുന്നതോടെ ഹാരി ഏറെക്കുറെ മാറുവാൻ സാധ്യതയുണ്ടെന്ന് കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വിശ്വസിക്കുന്നു.