രോഗവ്യാപന തോതിൽ തുടർച്ചയായി വർദ്ധനവ് കാണിക്കുന്ന ബ്രിട്ടനിൽ ഇന്നലെ 5,683 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച്ചയിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ രോഗവ്യാപനതോതിൽ 68 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ടു ഭാഗങ്ങളീലും ഇന്ത്യൻ വകഭേദം വ്യാപിച്ചുകഴിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു.

ജൂൺ 1 ന് ലഭ്യമായ കണക്കുകൾ നോക്കുമ്പോൾ കോവിഡ് മൂർച്ഛിച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ 16 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി കാണാം. അതേസമയം ഇന്നലെ കേവലം ഒരു കോവിഡ് മരണം മാത്രമാണ് രേഖപ്പെടുത്തിയത് എന്നത് കുറച്ച് ആശ്വാസം പകരുന്നുണ്ട്. എന്നാൽ, രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതിനാലും, ഇവർക്ക് രോഗം മൂർച്ഛിച്ച് മരണത്തിലെത്താൻ സമയമെടുക്കും എന്നതിനാലും ഭാവി അത്ര ശോഭനമാണോ എന്ന കാര്യത്തിൽ ഈ രംഗത്തെ വിദഗ്ദർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. വരുന്ന ആഴ്‌ച്ചകളിൽ മരണനിരക്കും വർദ്ധിച്ചേക്കാം എന്ന് ഇവർ സംശയം പ്രകടിപ്പിക്കുന്നു.

ഇംഗ്ലണ്ടിലെ 300-ൽ അധികമുള്ള കൗൺസിൽ ഏരിയകളിൽ 200 എണ്ണത്തിലും ഇന്ത്യൻ ഡെൽറ്റ വകഭേദം താണ്ഡവമാടുന്നതായാണ് വിവിധ റിപ്പോർട്ടുകൾ കാണിക്കുന്നത്. ബോൾട്ടനും ബ്ലാക്ക്‌ബേണും ഇപ്പോഴും ഹോട്ട്സ്പോട്ടുകളായി തുടരുന്നു. അതോടൊപ്പം ബിർമ്മിങ്ഹാം, ബറി, സാൽഫോർഡ് എന്നിവിടങ്ങളിൽ ഇന്ത്യൻ വകഭേദം ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടി വരെയായി ഉയർന്നിട്ടുണ്ട്.

ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം തടയാനാകാതെ തുടരുമ്പോഴും ജൂൺ 21ന് പൂർണ്ണസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിൽ നിന്നും വിലക്കുന്ന ഡാറ്റകളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല എന്നാണ് ബോറിസ് ജോൺസൻ പറയുന്നത്. മെയ്‌ മാസത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇത്തരത്തിൽ രോഗവ്യാപനതോതിൽ വർദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി.

ഈ ആഴ്‌ച്ച ലഭിക്കുന്ന വിവരങ്ങൾ മന്തിർമാർ വിശദമായി പരിശോധിക്കുമെന്നും ആശുപത്രികൾക്ക് മേൽ സമ്മർദ്ദമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമായിരിക്കും ജൂൺ 21-ന് ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാനുള്ള പ്രഖ്യാപനം നടത്തുകയെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. ജൂൺ 21-ന് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കിമോ എന്ന് പറയുവാനുള്ള സമയമായിട്ടില്ലെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കും പ്രതികരിച്ചു.

ജൂൺ 21-ന് ഇളവുകൾ പ്രഖ്യാപിക്കുന്നത് നീട്ടിവയ്ക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുമ്പോഴും അതുമായി മുന്നോട്ടുപോകാൻ തന്നെയാണ് നമ്പർ 10 ഡൗണിങ് സ്ട്രീറ്റിന്റെ തീരുമാനം എന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. കൗമാരക്കാർക്ക് കൂടി വാക്സിൻ എടുത്ത് പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ നീട്ടണം എന്നാണ് മുൻ ശാസ്ത്രോപദേഷ്ടാവ് സർ ഡേവിഡ് കിങ് ആവശ്യപ്പെട്ടത്. സമ്പൂർണ്ണ ഇളവുകൾ പ്രഖ്യാപിക്കുന്നത് ഭാവിയിൽ മറ്റൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിൽ നിന്നും ഒഴിവാകുവാൻ നല്ലതാണെന്ന് മറ്റൊരു ഉപദേഷ്ടാവും പറഞ്ഞു.