- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിലെ സ്വർണം വിദ്യാർത്ഥികളുടെ പുസ്തകവും പഠനോപകരണങ്ങളുമായി മാറും; നേർച്ചയായി ലഭിച്ച സ്വർണം വിദ്യാർത്ഥികൾക്കായി ചിലവഴിക്കാൻ പള്ളി
കോട്ടയം: പള്ളിയിൽ നേർച്ചയായി ലഭിച്ച സ്വർണം പാവപ്പെട്ട വീട്ടിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ചിലവഴിക്കാൻ ഒരുങ്ങുകയാണ് പാമ്പാടി കടവുംഭാഗം സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ അംഗങ്ങൾ. ഒരുപൈസപോലും പിരിക്കാതെ മറ്റുള്ളവരോട് ചോദിക്കാതെ, കോവിഡുകാലത്ത് പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിക്കുകയാണ് 18-വീട്ടുകാർ മാത്രമുള്ള ഈ ദേവാലയം.
പെരുന്നാളിനും മറ്റുവിശേഷദിവസങ്ങളിലും നേർച്ചയായും സംഭാവനയായും ലഭിച്ച സ്വർണവും വിവാഹിതരായ സ്ത്രീകൾ മരിച്ചാൽ അവരുടെ ശവസംസ്‌കാരത്തിന് മുമ്പേ ബന്ധുക്കൾ ഇടവകയിൽ സമർപ്പിക്കുന്ന മിന്നും വിറ്റുകിട്ടുന്ന പണമാണ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിനിയോഗിക്കുന്നത്. പള്ളിവികാരിയും യാക്കോബായസഭ കോട്ടയം ഭദ്രാസന സെക്രട്ടറിയുമായ ഫാ. കുറിയാക്കോസ് കടവുംഭാഗമാണ് ഇതിന് പിന്നിൽ.
നേർച്ചയായി പള്ളിയിൽ ലഭിക്കുന്ന സ്വർണ ആൾരൂപങ്ങൾ, നൂൽ, കൈയ്, കാൽ രൂപങ്ങൾ, സ്വർണ മിന്ന് എന്നിവ വർഷങ്ങളായി ഓഫീസ് കെട്ടിടത്തിൽ സൂക്ഷിക്കുകയാണ്. ഇവ ഇത്തരമൊരു നല്ലകാര്യത്തിന് വിനിയോഗിക്കാമെന്ന് വികാരി അറിയിച്ചപ്പോൾ പള്ളി ട്രസ്റ്റി ജെയ്സ് മാത്യുവും സെക്രട്ടറി കെ.എം.ഏബ്രഹാമും പിന്തുണച്ചു. തുടർന്ന് പാമ്പാടി വാർഡ് മെമ്പർ സന്ധ്യാ രാജേഷിനെ, പള്ളിഭാരവാഹികൾ ഈ വിവരം അറിയിക്കുകയായിരുന്നു.
പഞ്ചായത്തംഗം, സഹായം ആവശ്യമായ 70-കുട്ടികളുടെ പട്ടിക പള്ളിക്ക് കൈമാറി. ആദ്യഘട്ടത്തിൽ ആ 70-കുട്ടികൾക്കും പള്ളിവാതുക്കൽ എം.ഡി.എൽ.പി. സ്‌കൂളിലെ 65-വിദ്യാർത്ഥികൾക്കുമാണ് സഹായം നൽകുന്നത്. വരുംദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റ് ഇടങ്ങളിലേക്കും സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് ഫാ.കുറിയാക്കോസും ഇടവകാംഗങ്ങളും.