ഴിഞ്ഞ നാല് പതിറ്റാണ്ടിനുള്ളിൽ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ചത് അഭൂതപൂർവ്വമായ വളർച്ചയാണ്. 1970-കളിൽ ഒരു കുട്ടിക്ക് ലുക്കേമിയ പിടിപെട്ടാൽ ആ കുട്ടി രക്ഷപ്പെടുന്നതിനുള്ള സാധ്യത 20 ശതമാനം ആയിരുന്നെങ്കിൽ ഇന്നത് 80 ശതമാനമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മിക്ക മേഖലകളിലും സമാനമായ പുരോഗതി ദൃശ്യമാണ്. എന്നൽ, ഇന്നും യാതോരു പുരോഗതിയും കൈവരിക്കാത്ത ഒരു മേഖല വൈദ്യശാസ്ത്രത്തിലുണ്ട്. മാനസിക ആരോഗ്യ മേഖലയാണത്.

ഈ മേഖലയിൽ നടക്കുന്ന പരീക്ഷണങ്ങളിലും മറ്റും പുതിയതായി ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നുമാത്രമല്ല, നിലവിലുള്ള പല ചികിത്സകളും ഔഷധങ്ങളും മറ്റും അപകടകാരികളാകുന്നതായും കണ്ടെത്തപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് പൗണ്ട് ഈ മേഖലയിലെ ഗവേഷണങ്ങൾക്കായി ചെലവാക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.എൻ എച്ച് എസിൽ പ്രതിവർഷം 18 ബില്ല്യൺ പൗണ്ടാണ് മാനസികാരോഗ്യ മേഖലയ്ക്കായി ചെലവിടുന്നത്. എന്നിട്ടും, ഇന്നും 25 ശതമാനം ബ്രിട്ടീഷുകാരെങ്കിലും സ്ഥിരമായി മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട ഔഷധങ്ങൾ ഉപയോഗിക്കുകയാണ്.

മാനസികാരോഗ്യത്തെ സംബന്ധിച്ച പൊതു ചർച്ചകൾ വർദ്ധിച്ചിട്ടുണ്ട്. ഇത് തെർച്ചയായും നല്ലൊരു കാര്യമാണെങ്കിൽ കൂടി ഈ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഇത് മതിയാകില്ല. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നയപരിപാടികൾ രൂപീകരിക്കാനായി ഉണ്ടാക്കിയ എൻ എച്ച് എസിന്റെ സ്വതന്ത്ര ബോഡിയായ മെന്റൽ ഹെൽത്ത് ടാസ്‌ക്ഫോഴ്സ് പറയുന്നത് മാനസിക ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത കുറഞ്ഞുവരുന്നു എന്നാണ്. മാത്രമല്ല, ആത്മഹത്യ നിർക്ക് വർദ്ധിക്കുകയും ചെയ്യുന്നു. അതിനുപുറമേ, 1980 നു ശേഷം മാനസിക പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല എന്നും പറയുന്നു.

ഇതിന് ഏറ്റവും പ്രധാന കാരണം മാനസിക രോഗചികിത്സയ്ക്കുള്ള മരുന്നുകളുടെ അമിത ഉപയോഗമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. കുടുംബ പ്രശ്നങ്ങളും, ലൈംഗിക പ്രശ്നങ്ങളും, തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അസംതൃപ്തിയുമെല്ലാം മാനസിക രോഗങ്ങളായി പരിഗണിച്ച് മരുന്നുകൾ കുറിക്കുന്ന രീതിയാണ് ഇന്ന് നിലനിൽക്കുന്നത്. അതായത്, പ്രശ്നങ്ങൾ തത്ക്കാലത്തേക്ക് മാറ്റാൻ ശ്രമിക്കുന്നു എന്നല്ലാതെ അതിന്റെ അടിവേര് ചികഞ്ഞ് കണ്ടുപിടിച്ച് ചികിത്സിക്കാൻ ആരും തയ്യാറാകുന്നില്ല.

നിരവധി രസവസ്തുക്കൾ അടങ്ങിയ മരുന്നുകൾ മസ്തിഷ്‌ക്കത്തിന്റെ സ്വാഭാവിക കഴിവുകളെ ദുർബലപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ദീർഘകാലമായി ഇത്തരം മരുന്നു കഴിക്കുന്നവർ കൂടുതൽ മാനസിക പ്രശ്നങ്ങളിലേക്ക് വീഴുകയല്ലാതെ അതിൽ നിന്നും ശാശ്വതമായ ഒരു മോചനം നേടുന്നില്ല. മാത്രമല്ല, ഡിപ്രഷൻ, ബൈപോളാർ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരിൽ ആന്റിഡിപ്രസന്റുകൾ പ്രശ്നം വഷളാക്കുമെന്ന് ഈയിടെ സൂറിച്ച് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിൽ നടത്തിയ ഒരു പഠനത്തിൽ തെളിയുകയും ചെയ്തിരുന്നു.